Breaking News

വനം വകുപ്പും തദ്ദേശ സ്ഥാപനങ്ങളും കൈ കോർത്തു; ജില്ലയിലെ മലയോരമേഖലകളിൽ കാട്ടാന കൂട്ടത്തെ തുരത്തി പ്രത്യേക ദൗത്യസേന


കാടിറങ്ങിയ ആനകളെ കാട്ടിലേക്ക് തുരത്തി പ്രത്യേക ദൗത്യ സേന. ബേഡകം, കാറഡുക്ക, മുളിയാര്‍, ദേലംപാടി പഞ്ചായത്തുകളിലെ ജനവാസമേഖലകളിലിറങ്ങിയ ഒമ്പത് കാട്ടാനകളില്‍ ആറെണ്ണത്തിനെയാണ് ഉള്‍ക്കാട്ടിലേക്ക് തുരത്തിയത്. വന്യജീവി ആക്രമണത്തെ പ്രതിരോധിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അധികാരം നല്‍കാനുള്ള വനംവകുപ്പ് തീരുമാനം വരുന്നതിന് മുന്‍പ് തന്നെ വനംവകുപ്പുമായി കൈകോര്‍ത്തുകൊണ്ടുള്ള പ്രത്യേക  പദ്ധതിയാണ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ചത്.

കാട്ടാനക്കൂട്ടത്തെ കാടുകയറ്റാന്‍ വനംവകുപ്പിന്റെ ആര്‍.ആര്‍.ടിക്കൊപ്പം തദ്ദേശീയരായ ആളുകളെക്കൂടി ഉള്‍ക്കൊള്ളിച്ച പ്രത്യേക ദൗത്യസേനയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കാട്ടാനശല്യത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരുടെ പ്രത്യേക യോഗം ചേര്‍ന്നായിരുന്നു പദ്ധതി തയ്യാറാക്കിയത്. പ്രാദേശിക ദൗത്യ സേന രൂപീകരിക്കാന്‍ തീരുമാനമെടുത്തിന് പിന്നാലെ വനം വകുപ്പിനൊപ്പം സന്നദ്ധരായ തദ്ദേശീയരെ ചേര്‍ത്ത് പ്രത്യേക സേനയും ആനകളെ തുരത്താനിറങ്ങുകയായിരുന്നു. ആദ്യഘട്ടത്തില്‍ ഇരിയണ്ണി വനമേഖലയിലെ കാട്ടാനകളെയാണ് തുരത്തിയത്. ഇവിടെ തമ്പടിച്ച ഒമ്പത് കാട്ടാനകളുടെ സംഘത്തെ തുരത്തുന്നതിനിടയില്‍ മൂന്നെണ്ണം കൂട്ടം തെറ്റിയിരുന്നു. ഇവയൊഴികെയുള്ള ആറ് ആനകളെയാണ് ശ്രമകരമായ ദൗത്യത്തിനൊടുവില്‍ പുലിപ്പറമ്പ് പ്രദേശത്തെത്തിച്ചത്. കൂട്ടം തെറ്റിയ മൂന്നെണ്ണത്തിനെയും കാടുകയറ്റാനുള്ള പരിശ്രമത്തിലാണ് വനം വകുപ്പും പ്രത്യേക ദൗത്യ സേനും. നേരത്തെ ഓപ്പറേഷന്‍ ഗജ-ഒന്ന് നടപ്പിലാക്കി ആനകളെ പുലിപ്പറമ്പിലെത്തിച്ചുവെങ്കിലും വീണ്ടും കാടിറങ്ങിയിരുന്നു. ഇത്തവണ തിരിച്ച് വരവ് ഇല്ലാതാക്കാന്‍ വനമേഖലയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

നേരത്തെ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് കാട്ടാനശല്യത്തെ പ്രതിരോധിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ആനശല്യം നേരിടുന്ന പഞ്ചായത്തുകളും പ്രത്യേക ഫണ്ട് ഇതിനായി നീക്കി വെച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പ്രോത്സാഹന ധനസഹായം കൂടി ലഭ്യമാകുന്ന മുറക്ക് സോളാര്‍ തൂക്കുവേലി സ്ഥാപിക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകും.

No comments