Breaking News

എടക്കാനത്തെ നിർധന കുടുംബത്തിൻ്റെ വീടെന്ന സ്വപ്നം സാക്ഷാൽക്കരിച്ച് മാലോം മഹാത്മാഗാന്ധി ട്രസ്റ്റ്


വെള്ളരിക്കുണ്ട് : എടക്കാനം മലമുകളിൽ പ്ലാസ്റ്റിക് കൂരയിൽ കഴിഞ്ഞിരുന്ന ഓമനയുടെ വീടെന്ന സ്വപ്നം സാക്ഷാൽക്കരിച്ച് മാലോം മഹാത്മാഗാന്ധി ചാരിറ്റബിൽ ട്രസ്റ്റ്. അടച്ചുറപ്പുള്ള പുത്തൻ കോൺക്രീറ്റ് വീട് ഇനി ഈ നിർധന കുടുംബത്തിന് സ്വന്തം. ട്രസ്റ്റ് ചെയർമാൻ രാജു കട്ടക്കയത്തിൻ്റെ സാന്നിധ്യത്തിൽ സജീവ് ജോസഫ് എം.എൽ.എയുടെ കയ്യിൽ നിന്നും വീടിൻ്റെ താക്കോൽ ഏറ്റുവാങ്ങുമ്പോൾ ഓമനയുടെ ചുണ്ടുകൾ വിതുമ്പി, സന്തോഷത്താൽ ആ കണ്ണുകൾ നിറഞ്ഞു.. ഒപ്പം മനസും.. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ട്രസ്റ്റ് അംഗങ്ങളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങ് ഏറെ വികാരനിർഭരമായി..


വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരണപ്പെട്ട ശേഷം ഒരു മകളുമായി ബളാൽ പഞ്ചായത്തിലെ എടക്കാനം മലമുകളിൽ
ദുരിതപൂർണ്ണമായ ജീവിതം നയിച്ചു വരുന്ന പുത്തൻപുരയിൽ ഓമനക്കാണ് മാലോംമഹാത്മാഗാന്ധി ചാരിറ്റബിൽ ട്രസ്റ്റ് സുമനസ്സുകളുടെ സഹായത്തോടെ സ്നേഹ വീട് നിർമ്മിച്ചു നൽകിയിരിക്കുന്നത്.


നിർധന കുടുംബനാഥയായ ഓമനയ്ക്ക് സ്വന്തം പേരിൽ മലമുകളിലെ മലഞ്ചെരുവിൽ 60 സെന്റ് ഭൂമി ഉള്ളതിനാൽ സർക്കാർ വീട് കിട്ടുന്നതിന് തടസ്സമായിരുന്നു..


ജീവ കാരുണ്യ പ്രവർത്തികൾ മാത്രം ലക്ഷ്യം വച്ചു കൊണ്ട് ആരംഭിച്ച മാലോം മഹാത്മാ ഗാന്ധി ചാരിറ്റ ബിൽ ട്രസ്റ്റ് ഓമനയുടെ ജീവിത ദുരിതങ്ങൾ കണ്ടറിഞ്ഞ് വീട് വെച്ചു നൽകാൻ തയ്യാറായി മുന്നോട്ട് വന്നു.
സുമനസ്സുകളുടെ സഹായത്തോടെയാണ് എടക്കാനത്ത്‌ രണ്ട് കിടപ്പു മുറികൾ,ഒരു ഹാൾ, അടുക്കള,സിറ്റൗട്ട്, ശുചിമുറി എന്നിവയോടെയുള്ള മനോഹരമായ സ്നേഹഭവനം പൂർത്തീകരിച്ചത്. ലാഭമൊന്നും നോക്കാതെ സമയബന്ധിതമായി വീട് നിർമ്മാണം മനോഹരമായി പൂർത്തീകരിച്ച കോൺട്രാക്റ്റർ സാബുവിനെ ചടങ്ങിൽ ആദരിച്ചു.


ആരും കൊതിക്കുന്ന മനോഹര വീടിന്റെ താക്കോൽ ലളിതമായ ചടങ്ങിൽ ഇരിക്കൂർ എം. എൽ. എ അഡ്വ. സജീവ് ജോസഫ് ഓമനയുടെ കുടുംബത്തിന് കൈമാറിയപ്പോൾ മധുരം വിളമ്പി നാട്ടുകാർ അത് ആഘോഷമാക്കി.


ചടങ്ങിൽ ട്രസ്റ്റ് ചെയർമാനും പഞ്ചായത്ത് പ്രസിഡന്റുമായ രാജു കട്ടക്കയം അധ്യക്ഷതവഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ്. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, എം. പി. ജോസഫ്. കെ. കരുണാകരൻ നായർ, അലക്സ് നെടിയകാല, ഗിരീഷ് വട്ടക്കാട് ,യൂത്ത്‌ കോൺഗ്രസ്സ് ജില്ലാപ്രസിഡന്റ് ബി. പ്രദീപ് കുമാർ, ലിറ്റോ കള്ളികാട്ട്, ജോണി ജോസഫ്, എന്നിവർ സംബന്ധിച്ചു.

No comments