Breaking News

‘ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നു’; പാലാ ബിഷപ്പിനെ പിന്തുണച്ച് സീറോ മലബാർ സഭ




നാര്‍ക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിനെ പിന്തുണച്ച് സീറോ മലബാർ സഭ. ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് സഭ ആരോപിച്ചു. ഇത്തരം ശ്രമങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്ന് സീറോ മലബാർ സഭ ആവശ്യപ്പെട്ടു.


പാലാ ബിഷപ്പ് പറഞ്ഞതിന്‍റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടും നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതമാണ്. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് സീറോ മലബാർ സഭ വ്യക്തമാക്കി. ബിഷപ്പിന്‍റെ പ്രസംഗം വിവാദമാക്കിയവർ അദ്ദേഹം ഉന്നയിച്ച വിഷയത്തിന്‍റെ ഗൗരവം നഷ്ടപ്പെടുത്തി. ബിഷപ്പ് നടത്തിയത് സഭാ വിശ്വാസികള്‍ക്ക് വേണ്ടിയുള്ള പ്രസംഗമാണെന്നും പൊതുജനങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നില്ലെന്നും സഭ ചൂണ്ടിക്കാണിച്ചു.


പാലാ ബിഷപ്പിന്റെ പ്രസംഗത്തെ ചില രാഷ്ട്രീയ നേതാക്കൾ രണ്ട് മതവിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നമായി ചിത്രീകരിച്ചു. സമൂഹത്തിന്‍റെ നന്മയും സമാധാനവും ഇല്ലാതാക്കുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് ഫലപ്രദമായ അന്വേഷണം ഇക്കാര്യത്തിൽ വേണമെന്നും സീറോ മലബാര്‍ന സഭ ആവശ്യപ്പെട്ടു.



ഇതിനിടെ പാലാ ബിഷപ്പിന്റെ നാർക്കോട്ടിക്ക് ജിഹാദ് പരാമർശവും വിവാദവും നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവാദങ്ങൾ സൃഷ്ടിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുവെന്നും പ്രണയവും മയക്കു മരുന്നും ഏതെങ്കിലും മതത്തിന്റെ കണക്കിൽ തള്ളേണ്ടതല്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വിവാദങ്ങൾക്ക് തീ കൊടുത്ത് നേട്ടം കൊയ്യാനുള്ള നീക്കം വ്യാമോഹം മാത്രമാണെന്നും ചിലർ പ്രചരിപ്പിക്കുന്ന കാര്യങ്ങൾക്ക് വസ്തുതയുടെ പിൻബലമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

No comments