Breaking News

തൊട്ടുവന്ദിച്ച് അനുവാദം ചോദിച്ചു: പൂർവ്വകാല സ്മൃതികളുണർത്തി പരപ്പ പള്ളിക്കൈ അച്ഛന്റെ വീട്ടുമുറ്റത്ത്‌ നാൾമരം മുറിക്കൽ ചടങ്ങ് നടന്നു


പരപ്പ :പൂർവ്വ കാലസ്മൃതികളുണർത്തി പരപ്പ പള്ളിക്കൈ  അച്ഛന്റെ വീട്ടുമുറ്റത്ത്‌ നാൾ മരം മുറി ചടങ്ങ് നടന്നു. പുതുക്കൈ നരിക്കാട്ടറ പുള്ളികരിങ്കാളിയമ്മ ദേവസ്ഥാന നവീകരണത്തിന്റെ ഭാഗമായിട്ടാണ് ആചാര അനുഷ്ഠാനങ്ങളോടെ പള്ളിക്കൈ അച്ഛൻ പരപ്പയിലെ കുഞ്ഞമ്പു നായരുടെ വീട്ടുമുറ്റത്ത് പൂർവ്വകാല സ്മൃതികളോടെ ‌നാൾമരം മുറി ചടങ്ങ് നടന്നത്.


വീടിന്റെ തെക്ക് പടിഞ്ഞാറു ഭാഗത്തുള്ള ലക്ഷണമൊത്ത കൂറ്റൻ പ്ലാവ് മരമാണ് ദൈവിക വിധി പ്രകാരം നിലം തൊടാതെ മുറിച്ചത്. ക്ഷേത്ര കൊയ്മകളും ആചാര സ്ഥാനികരും അവകാശികളും വാല്യക്കാരും ചേർന്ന് പ്രശ്നചിന്തയിൽ കണ്ട കന്നിമാസത്തിലെ രാവിലെ യുള്ള മുഹൂർത്തത്തിലാണ് മൂലപ്പള്ളികൊല്ലൻ നാൾ മരമായ പ്ലാവിന് കോടാലി വെച്ചത്.

ദേവീപ്രസാദമായ മഞ്ഞകുറിയും അരിയും ഇട്ട് പ്ലാവ് മരത്തിനെ തൊട്ട് വന്ദിച്ചതിനുശേഷമാണ് മരം മുറിച്ചിട്ടത്. വാദ്യ മേളങ്ങളും വെളിച്ചപാടിന്റെ ഉരിയാടലും അന്യം നിന്ന ചടങ്ങുകൾക്ക് മറ്റൊരു നേർ സാക്ഷ്യമായിമാറി.

ക്ഷേത്ര പുനരുദ്ധരണ പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചു നടത്തിയ സ്വർണ്ണ പ്രശ്നചിന്തയിലാണ് ക്ഷേത്ര കൊയ്മ കൂടിയായ പരപ്പയിലെ പള്ളിക്കൈ അച്ഛന്റെ വീട്ടു വളപ്പിൽ നിന്ന് തന്നെ ശ്രീകോവിൽ നിർമ്മാണത്തിനുള്ള മരങ്ങൾ കണ്ടെത്തണം എന്ന് ദൈവ നിയോഗം ഉണ്ടായത്.

ഇത് പ്രകാരം പള്ളിക്കൈ അച്ഛന്റെ സമ്മതപ്രകാരം ക്ഷേത്ര ഭാരവാഹികൾ പരപ്പയിലെത്തുകയും നാൾ മരമായ പ്ലാവ് മരത്തോട് മുറിക്കുവാൻ അനുവാദം ചോദിക്കുകയും ഉണ്ടായി. ഒരു മരം മുറിക്കുന്ന സമയം അഞ്ചു മരതൈകൾ വച്ചു പിടിച്ചാണ് മരം മുറിച്ചത്

മുറിച്ചടുത്ത പ്ലാവ് മരം പിന്നീട് പുതുക്കൈ നരിക്കാട്ടറ ദേവസ്ഥാനത്തെക്ക് കൊണ്ട് പോയി.

ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് ദാമോദരൻ കൊമ്പത്ത്‌, പത്മനാഭൻ മണ്ഡലം, സി. വേണുഗോപാൽ, കുഞ്ഞി കൃഷ്ണൻ ഞെക്ലി, സതീശൻ കെ.വി, കെ. ശശിധരൻ നായർ, ബാലൻആശാരി, പി.രാമ ചന്ദ്രൻ എന്നിവർ പങ്കെടുത്തു

No comments