Breaking News

വെള്ളരിക്കുണ്ട് വടക്കാംകുന്ന് സംരക്ഷണ സമിതിയുടെ സത്യാഗ്രഹം പതിനൊന്നാം ദിവസത്തിലേക്ക്.. അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ നിരാഹാര സമരം..




വെള്ളരിക്കുണ്ട്:  കിനാനൂർ കരിന്തളം, ബളാൽ പഞ്ചായത്തുകളിൽ പരപ്പ, ബളാൽ വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന വടക്കാക്കുന്ന് മലനിരകൾ ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശമാണ്. ഈ മലനിരകളുടെ വിവിധ ഭാഗങ്ങളിലായി വൻകിട ഖനന മാഫിയകൾ പ്രവർത്തനം തുടങ്ങുന്നതിനുള്ള നീക്കം നടത്തി വരികയാണ്. വടക്കാകുന്നിൽ മരുതുകുന്ന് ഭാഗത്ത് 2019 ൽ ചെറുകിട ക്വാറികൾ ആരംഭിക്കുന്നതിന് തികച്ചും നിയമവിരുദ്ധമായി സമ്പാദിച്ച അനുമതികളുമായാണ് വൻകിട ഖനന പ്രവർത്തനങ്ങൾ ആരംഭിക്കാൻ നീക്കം നടക്കുന്നത്. ആയിരകണക്കിന് ജനങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശങ്ങൾക്ക് നടുവിലായി ഇത്തരം പ്രവർത്തനങ്ങൾ ആരംഭിച്ചാൽ അവരുടെ ജീവനും, ആരോഗ്യപരമായ സ്വൈര്യ ജീവിതത്തിനും, കുടിവെള്ളത്തിനും ഭീഷണി നേരിടും. വരാൻ പോകുന്ന ഭവിഷ്യത്തുക്കൾ തിരിച്ചറിഞ്ഞ് പ്രദേശവാസികൾ വടക്കാകുന്ന് സംരക്ഷണസമതി രൂപീകരിക്കുകയും മുഖ്യമന്ത്രി മുതൽ ഭരണകർത്താക്കൾക്കും, ജനപ്രതിനിധികൾക്കും, ബന്ധപ്പെട്ട ഉദ്യോഗസ്ഥ തലങ്ങളിലും, രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും പരാതികൾ ബോധിപ്പിച്ച് ഈ ഗ്രാമത്തിന്റെ ജനവികാരം അറിയിച്ചിട്ടുണ്ട്. രണ്ടായിരത്തി അഞ്ഞൂറിലേറെ ജനങ്ങൾ അണിനിരന്ന വടക്കാകുന്ന് സംരക്ഷണ ചങ്ങല ഉൾപ്പെടെ നിരവധി ജനകീയ പ്രതിഷേധ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ച് നാടിന്റെ പ്രതിഷേധം പൊതു സമൂഹത്തിന് ബോധ്യപ്പെടുത്തിയിട്ടുണ്ട്... കഴിഞ്ഞ 3 വർഷത്തോളമായി സംരക്ഷണ സമിതിയുടെയും പ്രദേശവാസികളുടെയും പരാതികളുടെയും പ്രതിഷേധങ്ങളുടെയും ഭാഗമായി അന്വേഷണങ്ങളോ നടപടികളോ ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല ഖനന മാഫിയകൾക്ക് അനുകൂലമായ നിലപാടുകളാണ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.. ഇതിനെതിരെ ജനകീയ പ്രതിഷേധം ശക്തമാവുകയാണ്, സ്ഥലം എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും പ്രസ്തുത പ്രദേശങ്ങൾ സന്ദർശിച്ച് നിയമ ലംഘനങ്ങൾ വിലയിരുത്തണമെന്നും, നിയമലംഘനങ്ങൾ നടത്തിയവർക്കെതിരെ കർശ്ശന നടപടികൾ സ്വീകരിച്ച് നൽകിയിട്ടുള്ള അനുമതികൾ റദ്ദ് ചെയ്യുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെടുകൊണ്ട് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സത്യാഗ്രഹ സമരം പതിനൊന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സ്ത്രീകൾ ഉൾപ്പടെ സത്യാഗ്രഹ സമരരംഗത്തേക്ക് കടന്നു വന്നു കഴിഞ്ഞു. ഭരണാധികാരികളും ജനപ്രതിനിധികളും ഇടപെട്ട് നടപടികൾ സ്വീകരിക്കുന്നതുവരെ  സമരം ശക്തമാക്കുവാനും, ആവശ്യമായ ഇടപെടലുകൾ ഉണ്ടാകാത്ത പക്ഷം നിരാഹാര സമരവും, ബന്ധപ്പെട്ട ഓഫീസികൾക്കു മുൻപിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് സംരക്ഷണ സമിതി അംഗങ്ങൾ അറിയിച്ചു.

No comments