Breaking News

പുനഃസംഘടനയില്‍ അതൃപ്തി; വിഎം സുധീരന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും രാജിവച്ചു


തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ വി എം സുധീകരന്‍ കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നും രാജിവച്ചു. അടുത്തിടെ കെപിസിസിയില്‍ നടന്ന പുനഃസംഘടനയയ്ക്ക് പിന്നാലെ രൂപം കൊണ്ട അതൃപ്തിയുടെ ബാക്കിപത്രമാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്. രാജിക്കത്ത് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് കൈമാറി.


പാര്‍ട്ടിയില്‍ സമീപകാലത്തുണ്ടായ പുനഃസംഘടന ഉള്‍പ്പെടെയുള്ള നടപടികളില്‍ കടുത്ത അതൃപ്തിയാണ് സുധീരന് ഉണ്ടായിരുന്നത്. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എന്ന നിലയിലും മുന്‍ കെപിസിസി അധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള തന്നെ പാര്‍ട്ടി നേതൃത്വം അവഗണിക്കുന്നു എന്ന നിലപാടായിരുന്നു വി എം സുധീരന് ഉണ്ടായിരുന്നത്. അടുത്ത കേന്ദ്രങ്ങളോട് അദ്ദേഹം പല തവണ ഇക്കാര്യം സൂചിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ ഇല്ലെന്ന ആക്ഷേപം നിരന്തരം ഉന്നയിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നതിൽ ഹൈക്കമാന്റിൽ അതൃപ്തി അറിയിച്ചിരുന്നു. എന്നാല്‍, ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് രാജി എന്നാണ് കെപിസിസി നല്‍കുന്ന വിശദീകരണം.  


അതിനിടെ, രാജി വിവരം പുറത്ത് വരുമ്പോള്‍ വിഷയം പരാമര്‍ശിക്കാതെയുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റും സുധീരന്‍ പങ്കുവച്ചിട്ടുണ്ട്. അച്യുതമേനോന്‍ മന്ത്രിസഭയില്‍ കെ.കരുണാകരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ സത്യപ്രതിജ്ഞചെയ്ത് അധികാരത്തില്‍ പങ്കാളിയായതിന്റെ സുവര്‍ണ്ണജൂബിലി എന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് പോസ്റ്റ്. മുന്‍കൂട്ടിയുള്ള ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള ക്രമീകരണവും അഥവാ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നാല്‍ അതെല്ലാം ചര്‍ച്ചകളിലൂടെ പരിഹരിക്കുന്ന പ്രവര്‍ത്തനശൈലിയും ആ മന്ത്രിസഭയെ വേറിട്ടതാക്കുന്നു. അച്യുതമേനോന്‍ കരുണാകരന്‍ കൂട്ടുകെട്ടിന്റെ വിജയഗാഥയാണ് ആ സര്‍ക്കാര്‍ എന്നും സുധീരന്‍ ഓര്‍മ്മിപ്പിക്കുന്നു.

No comments