Breaking News

ജമ്മുകശ്മീരില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും




ജമ്മുകശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വൈശാഖിന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും. നാളെ സംസ്‌കാരം നടക്കും.



വൈകുന്നേരത്തോടെയാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കുക. അവിടെ നിന്നും സര്‍ക്കാര്‍ ഭൗതിക ശരീരം ഏറ്റുവാങ്ങും. ശേഷം വ്യോമസേനാ ആസ്ഥാനത്ത് സൂക്ഷിക്കും. നാളെ ഉച്ചയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിക്കും. 23കാരനായ വൈശാഖ് നാലുവര്‍ഷം മുന്‍പാണ് സൈന്യത്തില്‍ ചേര്‍ന്നത്.


കൊല്ലം ഓടനാവട്ടം സ്വദേശി എച്ച്. വൈശാഖ് ഇന്നലെയാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. മറ്റ് മൂന്ന് പേര്‍ പഞ്ചാബ് സ്വദേശികളും ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമാണ്. പൂഞ്ച് ജില്ലയിലെ സുരന്‍കോട്ടില്‍ ഭീകരവിരുദ്ധ ഓപ്പറേഷന് എത്തിയ സുരക്ഷാ സേനയിലെ അഞ്ച് സൈനികരാണ് ഭീകരവാദികളും ആയുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്.




രജോരി സെക്ടറില്‍ അതിര്‍ത്തി നുഴഞ്ഞു കയറിയ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ട് എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെയാണ് മേഖലയില്‍ സുരക്ഷാസേന തെരച്ചില്‍ ആരംഭിച്ചത്. ചാമ്രര്‍ വനമേഖലയില്‍ വച്ച് ഭീകരവാദികള്‍ സുരക്ഷാ സേനക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

No comments