Breaking News

ഹോക്കിയിൽ മുന്നേറാൻ കാസർകോട്: സ്‌കൂൾ കുട്ടികൾക്ക് ഹോക്കി സ്റ്റിക്ക് വിതരണം ചെയ്തു


വിദ്യാലയങ്ങൾ വീണ്ടും തുറക്കുമ്പോൾ ജില്ലയിലെ കായിക മേഖലയിൽ ഹോക്കിയുടെ പ്രാതിനിധ്യം ഉറപ്പിക്കാൻ ഹോക്കി ജില്ലാ കമ്മിറ്റി. ടോക്യോ ഒളിമ്പിക്സ് വിജയാവേശം ഉൾക്കൊണ്ട് സ്‌കൂൾ തലത്തിൽ കുട്ടികൾക്ക് ഹോക്കിയുടെ ബാലപാഠങ്ങൾ പകർന്നു നൽകുക, മികച്ച കായിക താരങ്ങളെ വാർത്തെടുക്കുക തുടങ്ങിയ ലക്ഷ്യവുമായാണ് കേരള ഹോക്കിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നത്.  ആദ്യഘട്ടത്തിൽ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട യുപി, ഹൈസ്‌കൂൾ, ഹയർ സെക്കന്ററി വിദ്യാലയങ്ങളിലെ കുട്ടികൾക്ക് ഹോക്കി സ്റ്റിക്കുകൾ വിതരണം ചെയ്തു. വരും ദിവസങ്ങളിൽ പരിശീലന ക്യാമ്പ് സംഘടിപ്പിക്കും. ഒളിമ്പ്യൻ പി.ആർ ശ്രീജേഷിന് നവംബർ അവസാനവാരം ജില്ലയിൽ സ്വീകരണമൊരുക്കുമെന്നും ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും ഹോക്കി പഠിപ്പിക്കാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുമെന്നും ജില്ലാഭാരവാഹികൾ അറിയിച്ചു.


പടന്നക്കാട് നെഹ്‌റു കോളേജിൽ കേരള ഹോക്കി സംസ്ഥാന പ്രസിഡന്റ് വി. സുനിൽകുമാർ സ്റ്റിക്ക് വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഹോക്കി എക്സിക്യൂട്ടീവ് മെമ്പർ എം. അച്യുതൻ ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു. പി.പി. അശോകൻ, പള്ളം നാരായണൻ, പി.പി. കുഞ്ഞിരാമൻ, കെ.വി. രാമകൃഷ്ണൻ, ടി.വി. ബാലൻ, എ.വി. പവിത്രൻ എന്നിവർ സംസാരിച്ചു. വികാസ് പലേരി സ്വാഗതവും സജീവൻ വെങ്ങാട്ട് നന്ദിയും പറഞ്ഞു.

No comments