Breaking News

കുഴിങ്ങാട് വയലിൽ പരമ്പാഗത കൃഷിരീതികൾ കൈവിടാതെ ഇത്തവണയും കൊയ്ത്തും മെതിയും നടന്നു നെൽകൃഷി കൈവിടാതെ ബളാലിലെ കർഷകനും ജനപ്രതിനിധിയുമായ അബ്ദുൾഖാദർ


വെള്ളരിക്കുണ്ട്: ബളാൽ കുഴിങ്ങാട്ടെ അബ്ദുൾ ഖാദറിൻ്റെ ഒരേക്കറോളം സ്ഥലത്തെ പൊൻകതിരണിഞ്ഞ പാടത്ത് കൊയ്ത്തുത്സവം നടന്നു. 

ഇത്തവണത്തെ കൊയ്ത്തുത്സവത്തിന് ആളും ആരവങ്ങളൊന്നുമില്ലെങ്കിലും പണിക്കാർക്കൊപ്പം പാടത്തിറങ്ങുകയാണ് നാട്ടുകാരുടെ പ്രിയപ്പെട്ട അന്തുക്ക. പാരമ്പര്യ കർഷകനായ അബ്ദുൾ ഖാദർ ബളാൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കൂടിയാണ്. ജനപ്രതി പ്രതിനിധി എന്ന നിലയിലെ തിരക്കുകൾക്കിടയിലും കൃഷിക്കായി സമയം കണ്ടെത്തുന്നുണ്ട് അന്തുക്ക.

നെൽകൃഷി അന്യം നിന്നുപോയിക്കൊണ്ടിരിക്കുന്ന മലയോരത്ത്‌ കുടുംബപരമായി കൊണ്ടു നടക്കുന്ന നെൽവയലിൽ വർഷങ്ങളായി അബ്‌ദുൾ ഖാദർ നെൽകൃഷി നടത്തി വരുന്നുണ്ടെങ്കിലും ജന പ്രതിനിധിയായിട്ടും ഇത്തവണയും പതിവ് തെറ്റിച്ചില്ല.


ശ്രേയസ് നെൽവിത്ത് ഉപയോഗിച്ചാണ്‌ ഇക്കുറി അബ്ദുൽ ഖാദർ കൃഷി ഇറക്കിയത്. ഒരു കാലത്ത്‌ ഹെക്റ്റർ കണക്കിന് നെൽവയൽ ഉണ്ടായിരുന്ന ബളാൽ പഞ്ചായത്തിൽ ലാഭനഷ്ടങ്ങൾ കണക്കാക്കാതെ വർഷങ്ങളായി സ്ഥിരം നെൽകൃഷി ചെയ്യുന്ന ഏക കർഷകൻ കൂടിയാണ് അബ്ദുൽ ഖാദർ.


പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷന്റെ ഇത്തവണത്തെ നെൽകൃഷിയുടെ കൊയ്ത്തുത്സവം വയലിൽ ഇറങ്ങി നെൽക്കതിർ കൊയ്തെടുത്ത്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. നെൽകൃഷി അന്യം നിന്ന് പോകുന്ന ബളാൽ പഞ്ചായത്തിൽ പ്രതിസന്ധികളെ തരണം ചെയ്ത് ഇന്നും കൃഷിയെ നെഞ്ചോട് ചേർക്കുന്ന അബ്ദുൾ ഖാദറിനെ പോലെ ഉള്ളവർ മറ്റ് കർഷകർക്ക് ഒരു മാതൃകയാണെന്ന് രാജു കട്ടക്കയം പറഞ്ഞു.


പാരമ്പര്യ നെൽകൃഷി രീതികൾ പിന്തുടർന്നു വന്നിരുന്ന അബ്‌ദുൾ ഖാദർ അടുത്ത കാലത്ത് യന്ത്രവൽകൃത കൃഷിരീതിയിയും പരീക്ഷിച്ചെങ്കിലും ഞാറ് നടുന്നതും വിള കൊയ്യുന്നതും, കറ്റ മെതിക്കുന്നതും എല്ലാം പരമ്പരാഗത രീതിയിൽ തന്നെയാണ്. സഹായത്തിനു മകൻ ഹൈദരും കൂടെ ഉണ്ട്

തൊഴിലാളികളുടെ ലഭ്യതക്കുറവും, വന്യമൃഗങ്ങളുടെ ശല്യവും, കാലാവസ്ഥാ വ്യതിയാനവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും ലാഭനഷ്ടങ്ങളുടെ കണക്ക് നോക്കാതെ കൃഷി എന്ന സംസ്ക്കാരത്തെ പുതുതലമുറയിലേക്ക് പകർന്ന് നൽകുക എന്ന ഒറ്റ ലക്ഷ്യമാണ് തൻ്റെ കൃഷിക്ക് പിന്നിലെ പ്രചോദനമെന്ന് അബ്ദുൽഖാദർ മലയോരം ഫ്ലാഷിനോട് പറഞ്ഞു.

No comments