വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാരുടെ ഔദ്യോഗിക വാഹനത്തേയും ഡ്രൈവറേയും പാത്തിക്കരയിൽ വച്ച് അക്രമിച്ചു; യുവാക്കൾക്കെതിരെ കേസ്
വെള്ളരിക്കുണ്ട്: ഔദ്യോഗിക ആവശ്യത്തിനായി പാലാവയൽ ഭാഗത്ത് പോയി മടങ്ങി വരവെ എളേരിത്തട്ടിൽ വച്ച് റവന്യൂ വിഭാഗത്തിൻ്റെ ജീപ്പ് കേടായതിനെ തുടർന്ന് ഡെപ്യൂട്ടി തഹസിൽദാരെ മറ്റൊരു വാഹനത്തിൽ ഓഫീസിലേക്ക് വിടുകയും തുടർന്ന് മെക്കാനിക്കിൻ്റെ സഹായത്തോടെ ഡ്രൈവർ ഗോപിനാഥൻ വാഹനവുമായി മടങ്ങവെ പാത്തിക്കരയിൽ വച്ച് വാഹനം വീണ്ടും കേടാവുകയായിരുന്നു.
വാഹനം റോഡരികിൽ നിർത്തി പരിശോധിക്കുന്നതിനിടയിൽ വെള്ളരിക്കുണ്ട് നിന്നും മാലോം ഭാഗത്തേക്ക് ഓട്ടോറിക്ഷയിൽ പോവുകയായിരുന്ന ഏതാനും പേർ ചേർന്ന് റവന്യൂ വിഭാഗം ജീപ്പിൻ്റെ താൽക്കാലിക ഡ്രൈവറായ ഗോപിനാഥനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ഔദ്യോഗിക വാഹനം തകർക്കാൻ ശ്രമിക്കുകയും ചെയ്തു എന്നതാണ് കേസ്. താൽക്കാലിക ഡ്രൈവർ ഗോപിനാഥൻ്റേയും വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി മുരളിയുടേയും പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു. മദ്യലഹരിയിലാണെന്ന് കരുതുന്ന ഏതാനും യുവാക്കൾ യാതൊരു പ്രകോപനവുമില്ലാത്ത അക്രമം അഴിച്ച് വിടുകയായിരുന്നുവെന്ന് വെള്ളരിക്കുണ്ട് തഹസിൽദാർ പറഞ്ഞു.
No comments