Breaking News

ബളാൽ പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ വെള്ളരിക്കുണ്ട് ടൗണിൽ സത്യാഗ്രഹം തുടങ്ങി


വെള്ളരിക്കുണ്ട്: ബളാൽ പഞ്ചായത്തിൽ വികസന മുരടിപ്പ് ആരോപിച്ച് എൽ.ഡി.എഫ് പ്രത്യക്ഷ സമരത്തിലേക്ക്. ഇതിൻ്റെ ഭാഗമായി വിവിധ ജനകീയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വെള്ളരിക്കുണ്ട് ടൗണിൽ സത്യാഗ്രഹ സമരത്തിന് തുടക്കമായി.

ബളാൽ പഞ്ചായത്തിലെ പ്രധാനപ്പെട്ട ടൗണും മലയോര താലൂക്ക് ആസ്ഥാനവുമായ വെള്ളരിക്കുണ്ട് ടൗണിലെ ബസ്റ്റാന്റിന്റെയും ഷോപ്പിംഗ് കോംപ്ലക്സിന്റെയും പണി ആരംഭിക്കുക. മാലോം, ബളാൽ ടൗണുകളിൽ ബസ്റ്റാന്റ് നിർമ്മാണത്തിന് ആവശ്യമായ ഭൗതികസാഹചര്യങ്ങൾ ഒരുക്കുക. ഇവിടങ്ങളിൽ പൊതുടോയ്ലറ്റ് സംവിധാനം ഒരുക്കുക.

മാലിന്യം ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനുമുള്ള സംവിധാനം ഒരുക്കുക. വഴിവിളക്കുകൾ പ്രവർത്തന സജ്ജമാക്കുക. പൊതുശ്മശാനം ആധുനീക രീതിയിൽ പണിതീർത്ത് പ്രവർത്തനസജ്ജമാക്കുകആരോഗ്യമേഖലയിലേക്ക് സർക്കാർ നൽകിയ ഫണ്ടുകൾ സമയബന്ധിതമായി വിനിയോഗിക്കുവാൻ തയ്യാറാകാത്ത ഭരണ സമിതിയുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക. പ്രധാന ടൗണുകളിലെ വാഹന പാർക്കിംഗിന് സ്ഥലം കണ്ടെത്തുകയും ടൗണുകളിലെ ഗതാഗതകുരുക്ക് ഒഴിവാക്കുകയും ചെയ്യുക.

 പഞ്ചായത്തിലെ തകർന്ന റോഡുകൾ (വെള്ളരിക്കുണ്ട് ബൈപ്പാസ് റോഡ് ഉൾപ്പടെ) ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കുക. ലൈഫ് ഭവന പദ്ധതിയിലെ സ്വജനപക്ഷപാതം അവസാനിപ്പിക്കുകയും യഥാർത്ഥ ഗുണഭോക്താക്കൾക്ക് വീട് ലഭിക്കുന്നതിനുളള നടപടി സ്വീകരിക്കുക. തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടും സ്വജനപക്ഷപാതവും അവസാനിപ്പിക്കുക. എം.എൽ.എ., എം.പി. പണ്ടുകൾ യഥാസമയം വിനിയോഗിക്കുക. പഞ്ചായത്തിലെ ജലദൗർലഭ്യം പരിഹരിക്കുന്നതിന് ആരംഭിച്ച ജലനിധി പദ്ധതി പൂർത്തിയാക്കുകയും യഥാർത്ഥ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചാണ് എൽ.ഡി.എഫ് സത്യാഗ്രഹ സമരം നടത്തുന്നത്.

വെള്ളരിക്കുണ്ട് ടൗണിൽ നടക്കുന്ന സത്യാഗ്രഹ സമരം സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം നേതാവ് ടി.പി തമ്പാൻ അധ്യക്ഷത വഹിച്ചു. വി.കെ. ചന്ദ്രൻ സ്വാഗതം പറഞ്ഞു. വിവിധ ഘടകകക്ഷി നേതാക്കളായ കുര്യാക്കോസ് പ്ലാപ്പറമ്പിൽ, പി.ആർ ചാക്കോ, എ.അപ്പുക്കുട്ടൻ, കെ.എസ് കുര്യാക്കോസ്, ഷിനോജ് ചാക്കോ, പി.ടി നന്ദകുമാർ, ജോർജുകുട്ടി തോമസ്, കെ.ടി. സ്കറിയ, ബിജു തുളിശ്ശേരി, സി.ദാമോദരൻ, സാജൻ പൈങ്ങോട്ട് തുടങ്ങിയവർ സംസാരിച്ചു.

No comments