Breaking News

എൻഡോസൾഫാൻ കീടനാശിനി ഗോഡൗണുകളിൽ നശിപ്പിക്കാൻ സമ്മതിക്കില്ല; ജനകീയ മുന്നണി പി.സി.കെയുടെ പെരിയ,രാജപുരം,ചീമേനി ഗോഡൗണുകളിലാണ് കീടനാശിനി സൂക്ഷിച്ചിരിക്കുന്നത്




കാഞ്ഞങ്ങാട്: നിരോധനത്തെ തുടർന്ന് പെരിയ , രാജപുരം, ചീമേനി കേരള പ്ലാന്റേഷൻ കോർപ്പറേഷന്റെ ഗോഡൗണുകളിൽ രണ്ടു പതിറ്റാണ്ടായി സൂക്ഷിച്ചു വെച്ചിരിക്കുന്ന എൻഡോസൾഫാൻ നിർവ്വീര്യമാക്കുന്നുവെന്നതിന്റെ പേരിൽ കുഴിച്ചുമൂടാനുള്ള നീക്കത്തെ എന്ത് വില കൊടുത്തും നേരിടാൻ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി തീരുമാനിച്ചു.

എൻഡോസൾഫാൻ മൂലം യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളുമുണ്ടാവില്ലെന്ന് പറഞ്ഞു നടക്കുന്നവർ  ആരുമറിയാതെ നാൽപ്പത് ലക്ഷം രൂപ ചിലവ് ചെയ്ത് ചുടാക്കി കുഴച്ചു മൂടാൻ തീരുമാനിച്ചതിന്റെ പിന്നിലെ ഗൂഢാലോചനകളെ  പുറത്തു കൊണ്ടു വരണമെന്ന് പീഡിത ജനകീയ മുന്നണി യോഗം ആവശ്യപ്പെട്ടു.

ഏത് ശാസ്ത്രീയതയുടെ പേരിലായാലും ജില്ലയെ ഇനിയൊരു പരീക്ഷണത്തിന്  വിധേയമാക്കാതെ നീക്കം ചെയ്ത്  ഉല്പാദിച്ച കമ്പനിയുടെ ഉത്തരവാദിത്വത്തിൽ അന്താരാഷ്ട്രമാനദണ്ഡമനുസരിച്ച് നിർവ്വീര്യമാക്കാനുള്ള തീരുമാനങ്ങൾ സർക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണം.

ആഗോള വ്യാപകമായി നിരോധിച്ച സുപ്രീം കോടതി വിലക്കേർപ്പെടുത്തിയ എൻഡോസൾഫാൻ പച്ച വെള്ളം പോലെ കുടിക്കാമെന്ന് പ്രചരിപ്പിക്കുന്നതിനു പിന്നിൽ ശാസ്ത്ര ബോധമല്ല കമ്പനി താല്പര്യമാണ് വെളിവാകുന്നതെന്ന് യോഗം വിലയിരുത്തി.


എൻഡോസൾഫാൻ കമ്പനിക്കു വേണ്ടി വാദിച്ചു കൊണ്ടിരിക്കുന്ന രാസഘടകങ്ങൾ വേർതിരിക്കാനറിയാത്ത ഏജന്റുമാരായി മാത്രം പ്രവർത്തിക്കുന്ന കാർഷിക ഉദ്യോഗസ്ഥരെ നിർവ്വീര്യമാക്കാൻ ഏല്പിച്ചത് ഏത് യുക്തിയുടെ അടിസ്ഥാനത്തിലാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കണം.

നിരുപദ്രവകാരിയാണെന്ന് പ്രചരിപ്പിക്കുന്നവർ കുഴിയെടുത്ത് മുടിയാലും അത്ഭുതപ്പെടാനില്ലെന്ന് യോഗം ഉൽക്കണ്ഠപ്പെട്ടു.


മുനീസ അമ്പലത്തറ അദ്ധ്യക്ഷം വഹിച്ചു.

ഡോ : അംബികാസുതൻ മാങ്ങാട്, കെ. കൊട്ടൻ , അഡ്വ: ടി.വി.രാജേന്ദ്രൻ , പ്രേമചന്ദ്രൻ ചോമ്പാല , ഗോവിന്ദൻ കയ്യുർ , കെ. ചന്ദ്രാവതി, ബി. മിസിരിയ, അബ്ദുൾഖാദർ ചട്ടഞ്ചാൽ, വേണു അജാനൂർ , പ്രവീൺ, കെ.ശിവകുമാർ , പവിത്രൻ തോയമ്മൽ, കെ.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും എം.പി. ജമീല നന്ദിയും പറഞ്ഞു.

No comments