Breaking News

എണ്ണപ്പാറ ആശുപത്രിയിൽ കോവിഡ് പരിശോധന നിർത്തിവച്ച നടപടിയിൽ വ്യാപക പ്രതിഷേധം; കോവിഡ് ടെസ്റ്റ് ഉടൻ പുനരാരംഭിക്കണമെന്ന് യൂത്ത് ഫൈറ്റേഴ്സ് ക്ലബ്ബ്


 തായന്നൂർ : നിത്യേന നൂറു കണക്കിന് രോഗികൾ ചികിത്സ തേടിയെത്തുന്ന മലയോരത്തെ പ്രധാന ചികിത്സാ കേന്ദ്രമായ എണ്ണപ്പാറ ആശുപത്രിയിൽ കോവിഡ് ടെസ്റ്റ് നിർത്തി വച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കോവിഡ് ബ്രിഗേഡ്മാരില്ലാത്തതിനാലാണ് ഈ മാസം എട്ടാം തിയതി മുതൽ ടെസ്റ്റ് നിർത്തി വച്ചത്. നിരവധി കോവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്ത കോടോം-ബേളൂർ പഞ്ചായത്തിൽ 105 ഊരുകളിലായി താമസിക്കുന്ന ഭൂരിപക്ഷം ആദിവാസികളും , കൂലിവേലക്കാരായ സാധാരണക്കാരുമാണ് ഇതോടെ കൂടുതൽ ബുദ്ധിമുട്ടിലായിരിക്കുന്നത്.

നിത്യേന 40 ഓളം പേർ ടെസ്റ്റിനെത്തിയിരുന്നു. അവസാനമായി ടെസ്റ്റ് നടന്ന ദിവസം പോലും 35 പേരാണ് ടെസ്റ്റ് ചെയ്തത്.എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ കോവിഡ് ടെസ്റ്റ് നിർത്തിയതോടെ ഈ ആതുരാലയത്തെ ആ ശ്രയിച്ചിരുന്നവർ കൊറോണ രോഗലക്ഷണങ്ങൾ കണ്ടാൽ 24 കിലോമീറ്ററിലധികം ദൂരമുള്ള ജില്ലാ ആശുപത്രിയിലോ, പൂടുങ്കല്ല് താലൂക്ക് ആശുപത്രിയിലോ അല്ലെങ്കിൽ സ്വകാര്യ സ്ഥാപനങ്ങളിലോ എത്തി ടെസ്റ്റ് നടത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. സ്വന്തമായി വാഹനങ്ങൾ ഇല്ലാത്ത മലയോരവാസികൾ വാടകക്ക് വാഹനം വിളിച്ച് പോയി ടെസ്റ്റ് ചെയ്യണമെങ്കിൽ 700 രൂപയിലധികം ചിലവു വരും. ഈ സാഹചര്യം കണക്കിലെടുത്ത് എത്രയും പെട്ടന്ന് എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ കോവിഡ് ബ്രിഗേഡ്മാരെ നിയമിച്ച് കോവിഡ് ടെസ്റ്റ് പുനരാരംഭിക്കണമെന്ന് എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്സ് ക്ലബ്ബ് യോഗം അധികൃതരോടാവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡണ്ട് രമേശൻ മലയാറ്റുകര അദ്ധ്യക്ഷത വഹിച്ചു. അന്തരിച്ച നടൻ നെടുമുടി വേണുവിനെ യോഗത്തിൽ അനുസ്മരിച്ചു. ശ്രീകുമാർ ,മനു.കെ., ഗണേഷ്, രാജേഷ്, ശ്രീജിത്, സുരേഷ്കുമാർ , ഗിരീഷ്,സി.സതീശൻ തുടങ്ങിയവർ സംസാരിച്ചു. പ്രിയേഷ് കുമാർ സ്വാഗതവും, വിജിത ശ്രീജിത് നന്ദിയും പറഞ്ഞു.

 ഇതേ ആവശ്യമുന്നയിച്ച് ജില്ലാ മെഡിക്കൽ ഓഫീസർക്ക് യൂത്ത് ഫൈറ്റേഴ്സ് ക്ലബ്ബ് നിവേദനം നൽകി

No comments