Breaking News

പനിക്ക് മന്ത്രവാദ ചികിത്സ; പതിനൊന്നുകാരി മരിച്ചു, അസ്വഭാവിക മരണത്തിന് കേസ്


പനി ബാധിച്ച് അവശയായ ബാലിക മരിച്ചു. സിറ്റി നാലുവയൽ ദാറുൽ ഹിദായത്ത് ഹൗസിൽ സാബിറയുടെയും അബ്ദുൽ സത്താറിന്റെയും മകൾ എം.എ.ഫാത്തിമ ആണ് (11) മരിച്ചത്. വൈദ്യചികിത്സ നൽകാതെ മന്ത്രവാദ ചികിത്സ നൽകിയതാണ് മരണ കാരണമായത് എന്ന പരാതിയെത്തുടർന്നു സിറ്റി പൊലീസ് കേസെടുത്തു.

മൂന്നു ദിവസമായി പനി ബാധിച്ച് വീട്ടിൽ കഴിയുകയായിരുന്നു ബാലിക എന്നും മന്ത്രവാദ ചികിത്സ മാത്രം നൽകിയതാണ് ആരോഗ്യനില വഷളാക്കിയതെന്നുമുള്ള പിതൃസഹോദരന്റെ പരാതിയിലാണു പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തത്. കഴിഞ്ഞ ദിവസം പുലർച്ചെ പനിയും ശ്വാസംമുട്ടലും കലശലായതിനെതുടർന്നു താണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കൊടപ്പറമ്പ്, നാലുവയൽ പ്രദേശത്ത് ഇത്തരത്തിൽ മന്ത്രവാദ ചികിത്സയെത്തുടർന്ന് മുൻപും മൂന്നു മരണങ്ങൾ നടന്നിട്ടുണ്ട്. ഇവരുടെ ബന്ധുക്കളിൽ ചിലർ അന്നു മുൻസിഫ് കോടതിയിൽ നൽകിയ പരാതിയിൽ രണ്ടു പേർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചിരുന്നു.

ശ്വാസകോശത്തിലെ അണുബാധ, അനീമിയ, പനി എന്നിവയാണു ഫാത്തിമയുടെ മരണകാരണമെന്നാണു പരിയാരം ഗവ. മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. കബറടക്കം നടത്തി. സിറ്റി ഗവ. ഹയർസെക്കൻ‌ഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. സഹോദരങ്ങൾ മുഹമ്മദ് സാബിഖ്, മുഹമ്മദ് സാഹിർ, മുഹമ്മദ് സഹൽ.

No comments