Breaking News

കേരളപ്പിറവി ദിനാഘോഷവും ഭരണഭാഷാ വാരാചരണം ജില്ലക്കാരായ മലയാളത്തിലെയും തുളു-കന്നഡയിലെയും സമഗ്ര സംഭാവന നൽകിയ എഴുത്തുകാരെ ആദരിക്കും


വിവര പൊതുജന സമ്പർക്ക വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസ് ജില്ലാ ഭരണ സംവിധാനം, കളക്ടറേറ്റ് സ്റ്റാഫ് കൗൺസിൽ എന്നിവയുമായി സഹകരിച്ച് കേരളപ്പിറവി ദിനാഘോഷവും ഭരണഭാഷാ വാരാഘോഷത്തിന്റെ ഉദ്ഘാടനവും നവംബർ ഒന്ന് രാവിലെ 11 മണിക്ക് ജില്ലാ ഇൻഫർമേഷൻ ഓഫീസ് പി.ആർ.ചേംബറിൽ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കാസർകോട് ജില്ലക്കാരായ മലയാളത്തിലെയും തുളു-കന്നഡയിലെയും സമഗ്ര സംഭാവന നൽകിയ എഴുത്തുകാരെ ആദരിക്കുന്നു.

മലയാളത്തിൽ പത്രപ്രവർത്തകനും എഴുത്തുകാരനുമായ രവീന്ദ്രൻ പാടി, തുളു- കന്നഡ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് കവിയും മുതിർന്ന പത്രപ്രവർത്തകനുമായ മലർ ജയരാമ  റൈ  എന്നിവരെയാണ് ആദരിക്കുന്നത്.

ഉദ്ഘാടനവും പുരസ്‌കാര ദാനവും ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് നിർവഹിക്കും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ അധ്യക്ഷനാവും. എ.ഡി.എം എ.കെ. രമേന്ദ്രൻ ഭരണ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.  ഗ്രന്ഥാലോകം എഡിറ്റർ പി.വി.കെ. പനയാൽ മുഖ്യപ്രഭാഷണം നടത്തും.

പുരസ്‌ക്കാര ജേതാക്കളെ സതീശൻ പൊയ്യക്കോട്, രാധാകൃഷ്ണ ഉളിയത്തടുക്ക എന്നിവർ പരിചയപ്പെടുത്തും. അസി. എഡിറ്റർ പി.പി. വിനീഷ്, കളക്ടറേറ്റ് സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ജി.സുരേഷ് ബാബു, എ.ഐ.ഒ പ്രദീപ്. ജി.എൻ എന്നിവർ സംസാരിക്കും.


ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സംഭാവനകൾക്ക്

രവീന്ദ്രൻ പാടിയേയും  മലർജയറാം റായിയേയും ആദരിക്കും


രവീന്ദ്രൻ പാടി

കവിയും എഴുത്തുകാരനും മാധ്യമപ്രവർത്തകനും സാംസ്‌ക്കാരിക പ്രവർത്തകനുമാണ് കേരളപ്പിറവി ദിനത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസ് ആദരിക്കുന്ന രവീന്ദ്രൻ പാടി. വാക്കുല, ഉയിരാട്ടം, അലഞ്ഞവന്റെ ബോധ്യങ്ങൾ, സ്ഥല ജലം, കവര എന്നീ കവിതാ സമാഹാരങ്ങളും വഴി നോക്ക് - പ്രവാസ-ജയിൽ വാസ അനുഭവങ്ങൾ എന്ന ആത്മകഥാ പുസ്തകവും തുളുനാട് മുദ്രകൾ എന്ന പ്രാദേശിക ചരിത്രകൃതിയും പറച്ചല് എന്ന ഭാഷാശാസ്ത്ര പുസ്തകവും പുതുമ പ്പറമ്പ് - ഉബൈദ് കവിതകളിലൂടെ ജീവിതത്തിലൂടെ എന്ന പഠന പുസ്തകവും പ്രസിദ്ധീകരിച്ചു. അന്നം അക്ഷരം (ജീവിതക്കുറിപ്പുകൾ), പറഞ്ഞേടത്ത് നിൽക്കാത്ത വാക്ക് (കവിതാ സമാഹാരം), കാസർകോട്ടെ സ്ഥലനാമങ്ങളും ചരിത്രവും എന്നീ പുസ്തകങ്ങളുടെ പണിപ്പുരയിലാണ്.

കാസർകോട് പബ്ലിക്ക് സർവന്റ്‌സ് സഹകരണ സംഘം അവാർഡ്, ചുടുക്കു സാഹിത്യ പരിഷത്ത് പുരസ്‌ക്കാരം, കാസർകോട് ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിനികൾ ഏർപെടുത്തിയ വെട്ടം അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചു. ഉത്തരദേശം, കാരവൽ, സിറാജ്, കാസർകോട് വാർത്ത തുടങ്ങിയ പത്രങ്ങളിൽ ലേഖകനായും സബ് എഡിറ്ററായും ദീർഘകാലം പ്രവർത്തിച്ചു. ഇപ്പോൾ സ്വതന്ത്ര പത്രപ്രവർത്തകൻ. അ - ബുക്ക്‌സ് എന്ന പ്രസാധക സംരംഭം നടത്തുന്നു.

കേരളത്തിന് പുറമെ മുംബൈ, ബംഗളൂരു, ഗോവ തുടങ്ങിയ സ്ഥലങ്ങളിൽ സാഹിത്യ സമ്മേളനങ്ങളിലും കവിയരങ്ങുകളിലും പങ്കെടുത്തിട്ടുണ്ട്. 1970 ഫെബ്രുവരി 13 ന് ചെങ്കള പഞ്ചായത്തിലെ പാടി ഗ്രാമത്തിൽ ചെറുകിട കർഷക കുടുംബത്തിൽ ജനിച്ചു.  ഇപ്പോൾ മുളിയാർ പഞ്ചായത്തിലെ മഞ്ചക്കല്ലിനടുത്ത ബെള്ളമൂലയിൽ താമസിക്കുന്നു. അച്ഛൻ-ഇ.പി. ചാത്തുക്കുട്ടി നായർ, അമ്മ- എം. കല്യാണി അമ്മ. ഇ. അനിതകുമാരിയാണ് ഭാര്യ. വിദ്യാർഥികളായ അഭിനവ്, അനുഭവ് എന്നിവർ മക്കൾ.


മലർ ജയരാമ റൈ

മുതിർന്ന പത്രപ്രവർത്തകനും ബഹുഭാഷ എഴുത്തുകാരനുമാണ് കേരളപ്പിറവി ദിനത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസ് ആദരിക്കുന്ന മലർ ജയരാമ റൈ. തുളു, കന്നഡ, ഇംഗ്ലീഷ് ഭാഷകളിലായി ചെറുകഥകൾ, കവിതാ സമാഹാരങ്ങൾ, ലേഖനങ്ങൾ എന്നിവയെഴുതി. നിരവധി കൃതികൾ വിവർത്തനം ചെയ്തു. 20 കൃതികളുടെ ഗ്രന്ഥകർത്താവാണ്. ഹിന്ദിയിൽ ബിരുദാനന്തര ബിരുദവും പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമയും നേടിയ ശേഷം കന്നഡ, ഇംഗ്ലീഷ് മാധ്യമങ്ങളിൽ പത്രപ്രവർത്തകനായിരുന്നു. മംഗളൂരുവിൽ നവഭാരത് കന്നഡ ദിനപത്രത്തിന്റെ ലേഖകനായി പത്രപ്രവർത്തന രംഗത്ത് തുടക്കം. 1973 മുതൽ 1981 വരെ ഡെക്കാൽ ഹെറാൾഡ് ഇംഗ്ലീഷ് പത്രത്തിന്റെ മംഗളൂരു ജില്ലാ ലേഖകനായിരുന്നു. പത്രത്തിന്റെ സീനിയർ കറസ്‌പോണ്ടന്റ് ആയി 2003ൽ വിരമിച്ചു. തുടർന്ന് സാംസ്‌കാരിക രംഗങ്ങളിൽ സജീവം.

മഞ്ചേശ്വരം ഷിറിയയിലെ അപ്പേയിൽ അഡ്കാട ഗുത്തു വീട്ടിൽ മലർബീഡു ഭാഗവത തിമ്മപ്പ റൈയുടെയും അഡ്കാട ഗുത്തു ലക്ഷ്മി.ടി.റൈയുടെയും മകനായി 1946ൽ ജനനം. ഭാര്യ: ഗീത.ജെ.റൈ. മക്കൾ: ധർമ്മപ്രസാദ് റൈ, സായീശ്വരി റൈ, സായ്‌ലക്ഷ്മി റൈ, സായ്ഭദ്ര റൈ, ധന്യശ്രീ റൈ.

No comments