Breaking News

ക്വാറിക്കെതിരെ കൊന്നക്കാട് പാമത്തട്ട് മുതൽ സെക്രട്ടറിയേറ്റ് വരെ സമരം


കൊന്നക്കാട്: പാമത്തട്ടിൽ ക്വാറിക്ക് എക്സ്പ്ളോസീവ് ലൈസൻസ് കൊടുക്കാനുള്ള നീക്കം വീണ്ടും സജീവമായ പശ്ചാത്തലത്തിൽ അതിനെതിരെ ശക്തമായ സമര പരിപാടികളാരംഭിക്കാൻ വിവിധ സംഘടനകൾ ചേർന്ന് തീരുമാനിച്ചിരിക്കുന്നു. ഇക്കഴിഞ്ഞ ദിവസം ചേർന്ന ഓൺലൈൻ യോഗ തീരുമാനമനുസരിച്ചു് ഒക്ടോബർ 12 ന് പാമത്തട്ടിലും, കൊന്നക്കാടു് ടൗണിലും, വള്ളിക്കടവ് വില്ലേജ് ഓഫീസ് പടിക്കലും, വെള്ളരിക്കണ്ട് താലൂക്ക് ഓഫീസിനു മുമ്പിലും,കാസർഗോഡ്, കണ്ണൂർ കലക്ട്രേറ്റുകൾക്കു മുമ്പിലും, തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കലും ഒരേ സമയം നിൽപ്പു സമരം സംഘടിപ്പിക്കാൻ തീരുമാനിച്ചു.കൂടാതെ ഈ വിഷയത്തിൽ വേണ്ടിവന്നാൽ ഏതറ്റം വരെയും നിയമപോരാട്ടം നടത്തുന്നതിന് വിദഗ്ദ വക്കീലൻമാരുടെ ഒരു പാനലിന് രൂപം കൊടുക്കാനും യോഗത്തിൽ ധാരണയായി.നവംബർ മാസത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ടു് സംസ്ഥാന തലത്തിലുള്ള പരിസ്ഥിതി പ്രവർത്തക സംഗമം കൊന്നക്കാട്ട് സംഘടിപ്പിക്കുന്നതിനും അതിൻ്റെ ഭാഗമായി കൊന്നക്കാട് നിന്ന് പാമത്തട്ടിലേക്ക് പരിസ്ഥിതി പ്രവർത്തകരുടെ മാർച്ച് സംഘടിപ്പിക്കുവാനും തീരുമാനിച്ചു.                             പയ്യന്നൂർ സീക്ക്, കാസർഗോഡ് ജില്ലാ പരിസ്ഥിതി സമിതി, നെയ്ത്തൽ, ശാസ്ത്രസാഹിത്യ പരിഷത്ത് , വെള്ളരിക്കുണ്ടു് ഗ്രീൻ വാല്യൂസ് സൊസൈറ്റി തുടങ്ങിയ സംഘടനകളുടെയും പാമത്തട്ടു് സംരക്ഷണ സമിതിയുടെയും പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്. പി.വി.സുധീർ കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ടി.പി.പത്മനാഭൻ മാസ്റ്റർ, പ്രൊഫ.എം.ഗോപാലൻ, അഡ്വ. ടി.വി.രാജേന്ദ്രൻ, വി.കെ.വിനയൻ, പി.സുരേഷ് കുമാർ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.റിജോഷ് എം.ജെ. സ്വാഗതവും ജിജോ .പി.മാനുവൽ കൃതജ്ഞതയും പറഞ്ഞു.

No comments