Breaking News

സംസ്ഥാനത്ത് ഡീസൽ വില സെഞ്ച്വറിയടിച്ചു; ഇന്ധനവില ഇന്നും കൂട്ടി


തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ഇന്നും വർദ്ധിപ്പിച്ചു. ഡീസല്‍ ലിറ്ററിന് 38 പൈസയും, പെട്രോളിന് 32 പൈസയുമാണ് വര്‍ദ്ധിച്ചത്. സംസ്ഥാനത്ത് പെട്രോളിന് പിന്നാലെ ഡീസല്‍ വിലയും നൂറ് കടന്നു. പാറശാലയില്‍ ഒരു ലിറ്റര്‍ ഡീസലിന് 100.11 രൂപയും, പൂപ്പാറയിൽ 100.05 രൂപയുമാണ് ഇന്നത്തെ വില.


ഇടുക്കി, തിരുവനന്തപുരം ജില്ലകളിലെ അതിർത്തി പ്രദേശങ്ങളിലെ പമ്പുകളിലാണ് ഡീസൽ വില 100 രൂപ കടന്നത്. ഡീസല്‍ വില 100 കടക്കുന്ന പന്ത്രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. കഴിഞ്ഞ പതിനേഴ് ദിവസത്തിനിടെ ഡീസലിന് 4 രൂപ 55 പൈസയും, പെട്രോളിന് 2 രൂപ 99 പൈസയുമാണ് എണ്ണ കമ്പനികൾ വർദ്ധിപ്പിച്ചത്.


കൊച്ചിയില്‍ ഡീസൽ വില ഒരു ലിറ്ററിന് 97 രൂപ 95 പൈസയും, കോഴിക്കോട് 98 രൂപ 28 പൈസയുമായി കൂടിയിട്ടുണ്ട്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 104 രൂപ 42 പൈസയും, കോഴിക്കോട് 104 രൂപ 64 പൈസയും, തിരുവനന്തപുരത്ത് 104 രൂപ 40 പൈസയുമാണ് ഇന്നത്തെ നിരക്ക്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ഇന്ധനവില രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ്. അവിടെ പെട്രോള്‍ ലിറ്ററിന് 116.09 രൂപയും, ഡീസലിന് 106.77 രൂപയുമാണ് വില.


No comments