Breaking News

ഗോത്രസ്മൃതികളുയർത്തി തായന്നൂരിൽ എരിതുകളി നടന്നു


എണ്ണപ്പാറ: കാർഷിക സംസ്കാരം വിളിച്ചോതി തായന്നൂരിൽ ഒരിടവേളക്ക് ശേഷം എരുതുകളി സംഘം നാടുണർത്തി.ആദിവാസികളുടെ ആചാര - അനുഷ്ഠാനങ്ങളുടെ ഭാഗമാണ് എരുത് കളി . കാർഷിക സംസ്കാരം ഉപജീവനമാക്കിയിരുന്ന ഗോത്രത്തിൻ്റെ അവശേഷിക്കുന്ന അടയാളമാണിത്. പുതിയ തലമുറക്ക് ഒരു പക്ഷേ അറിവില്ലാത്ത അനുഷ്ഠാന മാണ് എരുതുകളി . കേരളത്തിൽ തന്നെ പത്താമുദയത്തിന് എരുതുകളി നടത്തുന്ന ഏക ഊരാണ് വേങ്ങച്ചേരി. എരിതുകളിക്ക് നേതൃത്വം നൽകിയിരുന്ന വേങ്ങച്ചേരി ഊരിലെ രാമൻ മരണപ്പെട്ടതും, കൊറോണ വ്യാപനവുമൊക്കെയായപ്പോൾ എരിതുകളിയില്ലാത്ത 4 വർഷങ്ങൾ കഴിഞ്ഞു പോയി. കന്നി കൊയ്ത്തു കഴിഞ്ഞ് ഊരുകളിൽ പഞ്ഞം മാറുന്നതും, തെയ്യക്കാലം തുടങ്ങുന്നതും ഓർമ്മപ്പെടുത്തുന്ന എരിതുകളിയുടെ വേങ്ങ ച്ചേരിയിലെ സംഘത്തിൽ ഇപ്പോൾ കൂടുതൽ യുവാക്കളാണ്.

എരുതുകളിയുടെ പുരാവൃത്തമിങ്ങനെ…..


പൊനം കൃഷി ചെയ്തു വന്ന ഗോത്രപൂർവ്വികർ കാലക്രമത്തിൽ ജന്മികളുടെ വയലുകളിലും പണി ചെയ്ത് പോന്നു. അങ്ങനെയിരിക്കെ വയൽ ഉഴുതുമറിക്കുന്നതിനായി കാളകളെ ആവശ്യമായി വന്നു. ചന്തയിൽ നിന്നും കാളകളെ വാങ്ങാൻ പ്രാഗത്ഭ്യമുള്ളവർ തന്നെ വേണം .അങ്ങനെ രണ്ടു പേരെ ദൂര ദേശത്തേക്ക് കാളകളെ വാങ്ങുവാൻ അയക്കുകയും ചെയ്തു .കാളകളെ വാങ്ങി തിരിച്ചുപോരും വഴി കലശലായ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് അവർ വഴിയരികിൽ വിശ്രമിച്ചു. അറിയാതെ ഉറക്കത്തിലേക്കവർ വഴുതി വീണു. ഒന്നുറങ്ങി എഴുന്നേറ്റപ്പോൾ തങ്ങൾ കൊണ്ടു വന്ന കാളകൾ അവിടെ ഉണ്ടായിരുന്നില്ല. എല്ലായിടങ്ങളിലും തിരഞ്ഞിട്ടും തങ്ങളുടെ കാളകളെ തിരിച്ച് കണ്ടു കിട്ടിയില്ല.അവർ പ ഞ്ചുരുളി തെയ്യത്തെ പ്രാർത്ഥിക്കുകയും എല്ലാവർഷവും എരുത് കെട്ടിയിടിക്കാം എന്ന നേർച്ച അർപ്പിക്കുകയും ചെയ്തുവത്രേ. അങ്ങനെ തങ്ങളുടെ കാളകളെ അവർക്ക് തിരിച്ച് കിട്ടി. കാർഷിക സംസ്കൃതിയും ഐശ്വര്യവും വരും കാലങ്ങളിൽ എല്ലാവർക്കും ഉണ്ടാകണമെന്ന പ്രാർത്ഥനയാണ് അർപ്പിക്കുന്നത്. കാളയെ പുലി പിടിക്കുന്ന ചടങ്ങോടു കൂടി എരുത് കളി അവസാനിക്കുന്നത്.

     ഊരിലും തായന്നൂർ പ്രദേശത്തും സഞ്ചരിച്ച ഊരുമൂപ്പൻ ചന്ദ്രന്റെ നേതൃത്വത്തിലുള്ള എരിതു കളിസംഘത്തിൽ ബാബു, സുരേന്ദ്രൻ , ഗണേഷൻ, കുമാരൻ , ജയേഷ് എന്നിവരാണ് ഉണ്ടായിരുന്നത്

No comments