Breaking News

വെള്ളരിക്കുണ്ട് വടക്കാകുന്ന് നിർദ്ദിഷ്ട ഖനന പ്രദേശം ജില്ലാ കളക്ടർ സന്ദർശിച്ചു 26ന് ജില്ലാകളക്ടറുമായി ജനകീയ ചർച്ച


 

വെള്ളരിക്കുണ്ട്: വടക്കാകുന്ന് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സത്യാഗ്രഹ സമരത്തിന്റെ നാൽപ്പത്തി ഏഴാം ദിവസമായ ശനിയാഴ്ച്ച ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് സത്യാഗ്രഹ സമരപന്തൽ സന്ദർശിച്ചു, സ്ത്രീകളും കുട്ടികളുമുൾപ്പെടെ പ്രദേശവാസികൾ നിരവധി പരാതികളും ആശങ്കകളും കളക്ടർ മുമ്പാകെ ബോധിപ്പിച്ചു. തുടർന്ന് കളക്ടർ നിർദ്ദിഷ്ട ഖനന പ്രദേശങ്ങൾ സന്ദർശിച്ച് ജനങ്ങളുടെ ആശങ്കകൾ വിലയിരുത്തി. സമരസമിതി പ്രവർത്തകരും പ്രദേശത്തെ കുട്ടികളും കളക്ടർക്ക് നിവേദനം സമർപ്പിച്ചു. സമരസമിതി നേതാക്കളും ജനപ്രതിനിധികളുമായി 26 ചൊവ്വാഴ്ച്ച കലക്ടറുടെ ഓഫീസിൽ വെച്ച് ചർച്ച നടത്തും. നിയമപരമായ കാര്യങ്ങൾ പരിശോധിച്ച് ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രദേശവാസികളോട് കലക്ടർ അറിയിച്ചു. ചൊവ്വാഴ്ച്ചത്തെ ചർച്ചയിൽ ഖനന നീക്കങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചാൽ നടത്തിവരുന്ന സമര പരിപാടികൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് സംരക്ഷണ സമിതി പ്രവർത്തകർ അറിയിച്ചു, അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ സത്യാഗ്രഹ സമരത്തിന്റെ അൻപതാം ദിവസമായ ഒക്ടോബർ 26ന് ചൊവ്വാഴ്ച്ച സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി, പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി ഉൾപ്പടെയുള്ള ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും ഉൾപ്പെടെ നിരവധി ആളുകൾ സന്ദർശിച്ചു

No comments