Breaking News

മലയോരത്തെ മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ ഉന്നതതല സംഘം പരിശോധന നടത്തി


 


വെള്ളരിക്കുണ്ട്: കനത്ത മഴയെത്തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഉരുള്‍പൊട്ടലും നാശനഷ്ടങ്ങളും ഉണ്ടായ പശ്ചാത്തലത്തില്‍ ജില്ലയിലെ മലയോര മേഖലയില്‍ മണ്ണിടിച്ചില്‍ സാധ്യത പ്രദേശങ്ങളില്‍ ഉന്നതതല സംഘം പരിശോധന നടത്തി. കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനപ്രകാരമാണ് മണ്ണ് സംരക്ഷണം, മൈനിങ് ആന്‍ഡ് ജിയോളജി, ഭൂഗര്‍ഭ ജലവകുപ്പ്, പഞ്ചായത്ത്, റവന്യു വകുപ്പുകളിലെ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയത്.


മുന്‍വര്‍ഷങ്ങളില്‍ മണ്ണിടിച്ചില്‍ അപകടങ്ങളുണ്ടായ വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ മണ്ണ് സംരക്ഷണ വകുപ്പ് നടത്തിയ പ്രാഥമിക പരിശോധയില്‍ ബളാല്‍, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കോടോം ബേളൂര്‍, കള്ളാര്‍, പനത്തടി എന്നി മലയോര പഞ്ചായത്തുകളിലെ 28 പ്രദേശങ്ങളില്‍ അപകട സാധ്യതയുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇവിടങ്ങളിലും സമീപ കാലത്ത് മണ്ണിടിച്ചിലുണ്ടായ വെസ്റ്റ് എളേരിയിലെ കോട്ടമലയിലും ബളാലിലെ കോട്ടക്കുന്ന് കുണ്ടുപ്പള്ളിയിലുമാണ് ഉദ്യോഗസ്ഥ സംഘം വെള്ളിയാഴ്ച പരിശോധനക്കെത്തിയത്. പരിശോധന വരും ദിവസങ്ങളിലും തുടരും.


ഭൂഗര്‍ഭ ജലവകുപ്പിലെ ഹൈഡ്രോ ജിയോളജിസ്റ്റ് പ്രവീണ്‍കുമാര്‍ കെ.എ, മൈനിങ് ആന്‍ഡ് ജിയോളജിയിലെ അസി. ജിയോളജിസ്റ്റ് രേഷ്മ.ആര്‍, കാഞ്ഞങ്ങാട് മണ്ണ് സംരക്ഷണ ഓഫീസര്‍ കെ.ബാലകൃഷ്ണ ആചാര്യ, ഓവര്‍സിയര്‍മാരായ രാമചന്ദ്രന്‍ പി.കെ, റാഫി എ.എം, വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി.വി മുരളി, വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍, വിവിധ പഞ്ചായത്തുകളിലെ സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

No comments