Breaking News

വെള്ളരിക്കുണ്ട് വടക്കാകുന്ന് സംരക്ഷണ സമിതിയുടെ സത്യാഗ്രഹസമരം 40 ദിവസം പിന്നിടുന്നു.. 70കാരിയായ നാരായണിയമ്മ ഉൾപ്പടെ അതിജീവന പോരാട്ടവുമായി സമരപന്തലിൽ


വെള്ളരിക്കുണ്ട്: വടക്കാകുന്ന് മലനിരകളുടെ വിവിധ ഭാഗങ്ങളിൽ വൻകിട ഖനന പ്രവർത്തനങ്ങളും, ക്രഷറുകളും ടാർ മിക്സർ പ്ലാന്റുമുൾപ്പെടെ ഖനന പ്രവർത്തന നീക്കങ്ങൾക്കെതിരെ വടക്കാകുന്ന് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സത്യാഗ്രഹ സമരം നാൽപ്പത് ദിവസം പിന്നിടുന്നു.ദിവസവും രാവിലെ 10 മണി മുതൽ 5 മണി വരെ 5 പേർ വീതം വിവിധ ആളുകൾ സമരത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്നു. ദിവസങ്ങൾ പിന്നിടുംതോറും വർദ്ധിച്ച ജന പിൻതുണയാണ് സമരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇ.ചന്ദ്രശേഖരൻ എം.എൽ.എ സമരപന്തൽ സന്ദർശിക്കുകയും ജനങ്ങളുടെ ആശങ്കങ്ങളും പരാതികളും പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തുമെന്ന് പ്രദേശവാസികൾക്ക് ഉറപ്പ് നൽകുകയും,കലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ നിർദിഷ്ട പ്രദേശങ്ങൾ സന്ദർശിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരികയും ചെയ്യുന്നു. നിയമവിരുദ്ധമായി നൽകിയിട്ടുള്ള ഖനനാനുമതികൾ റദ്ദ് ചെയ്ത് ഖനനനീക്കങ്ങൾ ഉപേക്ഷിക്കുന്നതുവരെ ശക്തമായ പ്രക്ഷോഭങ്ങളുമായി മുൻപിലേക്ക് പോകുമെന്ന് സമരസമിതി അറിയിച്ചു. ആയിരകണക്കിന് ജനങ്ങളുടെ ജീവനും,ആരോഗ്യവും കുടിവെള്ളവും, ശുദ്ധവായുവും സംരക്ഷിക്കുന്നതിന് പകരം ഖനന മാഫിയകൾക് അനുകൂല നിലപാടുകൾ സ്വീകരിക്കുന്നവർക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകുന്നു. സത്യാഗ്രഹ സമരത്തിൻ്റെ നാൽപ്പതാം ദിവസം 70 വയസ് പ്രായമായ നാരായണിയും 68 വയസുള്ള ലക്ഷ്മിയും കൂടാതെ സരോജിനി, മീനാക്ഷി, ലീല എന്നിവരാണ് സത്യാഗ്രഹ സമരം നയിക്കുന്നത്.

No comments