Breaking News

വെള്ളരിക്കുണ്ട് വടക്കാകുന്ന് സത്യാഗ്രഹ സമരം 45ദിവസം പിന്നിട്ടു.. അൻപതാം ദിവസം സത്യാഗ്രഹ പന്തലിൽ രാപ്പകൽ സമരം..


വെള്ളരിക്കുണ്ട്: കവളപ്പാറയും,പുത്തുമലയും,ഇപ്പോൾ കൂട്ടിക്കലും, കൊക്കയാറും.. ദുരന്തങ്ങൾ തുടർക്കഥകളാകുമ്പോൾ വടക്കാകുന്നിന്റെ അടിവാരങ്ങളിൽ താമസിക്കുന്ന നൂറ് കണക്കിന് കുടുംബങ്ങളും  ഭയാശങ്കകളിലാണ്. വടക്കാകുന്നിന്റെ വിവിധ ഭാഗങ്ങളിലുള്ള വൻകിട ഖനന നീക്കങ്ങൾ തങ്ങളുടെ ജീവനും ആരോഗ്യപരമായ സ്വസ്ഥ ജീവിതത്തിനും കുടിവെള്ളത്തിനും കൃഷികൾക്കും, കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭാവി ജീവിതത്തിനുമെല്ലാം ഭീഷണിയാകുമെന്ന് തിരിച്ചറിഞ്ഞു കൊണ്ട് വടക്കാകുന്ന് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സത്യാഗ്രഹ സമരം നാൽപ്പത്തി അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. വടക്കാകുന്നിന് അടിവാരങ്ങളിലുള്ള കാരാട്ട്, പന്നിത്തടം, മരുതുകുന്ന്, തോടൻചാൽ, കൂളിപ്പാറ, നെല്ലിയര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായി പിഞ്ചു കുട്ടികൾ മുതൽ മുതിർന്നവരെ നൂറ് കണക്കിന് ആളുകൾ സമരത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു കൊണ്ട് സമരത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്നു.. സമരസമിതിയും ജനങ്ങളും ഉന്നയിക്കുന്ന ആവശ്യങ്ങൾ പരിഗണിക്കുന്നതിനൊ,ചർച്ച ചെയ്യുന്നതിനൊ തയാറാകാത്ത ഭരണ-ഉദ്യോഗസ്ഥ- രാഷ്ട്രീയ നിലപാടുകൾക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി സത്യാഗ്രഹ സമരത്തിന്റെ അൻപതാം ദിവസം ഒക്ടോബർ 26 ന് ചൊവ്വാഴ്ച്ച സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം സംഘടിപ്പിക്കും

No comments