Breaking News

സമഗ്ര മികവിന്റെ തിളക്കത്തില്‍ ജില്ലയിലെ ആരോഗ്യമേഖല; പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു ജില്ലാതലത്തിൽ വെസ്റ്റ് എളേരി പഞ്ചായത്ത്, ബളാൽ പഞ്ചായത്ത്, കിനാനൂർ കരിന്തളം പഞ്ചായത്ത് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.



ജില്ലയിലെ മികവ് തെളിയിച്ച സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കുമുള്ള  പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. അംഗീകാരം ലഭിച്ച സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ കൈമാറി.  ഗുണനിലവാരം, പരിസ്ഥിതി, ജനസൗഹൃദം, ആരോഗ്യ കരമായ അന്തരീക്ഷം, സൗന്ദര്യവത്കരണം തുടങ്ങി വിവിധ മാനദണ്ഡങ്ങള്‍ പരിഗണിച്ച് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ലഭിച്ച വിവിധ അവാര്‍ഡുകളാണ് വിതരണം ചെയ്തത്.

ശുചിത്വം പ്രോത്സാഹിപ്പിക്കാനും പൊതുജനാരോഗ്യ സൗകര്യങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനുമായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നല്‍കുന്ന കായകല്‍പ അവാര്‍ഡിന് സംസ്ഥാന തലത്തില്‍ പനത്തടി താലൂക്ക് ആശുപത്രിയും ഉത്തര മലബാര്‍ തലത്തില്‍ കാസര്‍കോട് അര്‍ബന്‍ പി.എച്ച്.സിയും എന്നിവയുമാണ് അര്‍ഹരായത്. ജില്ലാ തലത്തില്‍ എഫ്.എച്ച്.സി മൗക്കോട്, എഫ്.എച്ച്.സി പാണത്തൂര്‍, എഫ്.എച്ച്.സി മുള്ളേരിയ എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.


ആരോഗ്യ മേഖലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പദ്ധതിയേതര ഇടപെടലുകള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ആര്‍ദ്ര കേരള പുരസ്‌ക്കാരം ഒന്നാം സ്ഥാനത്തിന് 2018-19 വര്‍ഷം ഈസ്റ്റ് എളേരി പഞ്ചായത്ത് അര്‍ഹമായി. ജില്ലാതലത്തില്‍ വെസ്റ്റ് എളേരി പഞ്ചായത്ത്, ബളാല്‍ പഞ്ചായത്ത്, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.


കേരള സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി ആരംഭിച്ച കാഷ് (കേരള അക്രഡിറ്റഡ് സ്റ്റാന്റേഡ് ഫോര്‍ ഹോസ്പിറ്റല്‍) നിലവാരം 2020-21 വര്‍ഷം അര്‍ബന്‍ പി.എച്ച്.സി കാസര്‍കോട്, എഫ്.എച്ച്.സി എണ്ണപ്പാറ, എഫ്.എച്ച്.സി ഉദുമ എന്നീ ആശുപത്രികള്‍ക്ക് ലഭിച്ചു.


പൊതുജനാരോഗ്യ സൗകര്യങ്ങളെ ദേശീയ നിലവാരത്തിലേക്കുയര്‍ത്തുന്ന എന്‍.ക്യു.എ.എസ് ( നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ്) നിലവാരത്തിലേക്ക് കാസര്‍കോട് അര്‍ബന്‍ പി.എച്ച്.സി, എഫ്.എച്ച്.സി എണ്ണപ്പാറ, എഫ്.എച്ച്.സി ഉദുമ എന്നീസ്ഥാപനങ്ങളെത്തി.


ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ എസ്.എന്‍ സരിത അധ്യക്ഷയായി. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് മുഖ്യാതിഥിയായി. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ റിജിത്ത് കൃഷ്ണന്‍ പദ്ധതി വിശദീകരിച്ചു. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് പി. ഖദീജ, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.ടി മനോജ്, കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് കെ.കെ രാജാറാം, ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ഇ മോഹനന്‍ സ്വാഗതവും ആര്‍ദ്രം മിഷന്‍ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ. ജോണ്‍ ജോണ്‍. കെ നന്ദിയും പറഞ്ഞു.

No comments