Breaking News

കാമുകന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച യുവതി ഭർത്താവിനോട് പറഞ്ഞത്; 'തിളച്ച കഞ്ഞിവെള്ളം വീണു'; പിടിയിലായത് അഞ്ചാം നാൾ


തൊടുപുഴ: പ്രണയത്തിൽനിന്ന് പിന്മാറിയതിന് യുവാവിന്റെ മുഖത്ത് ആസി‍ഡ് ഒഴിച്ചതിന് അറസ്റ്റിലായ ഷീബ സംഭവശേഷം മടങ്ങിയത് ഭർതൃവീട്ടിലേക്ക്. അപ്രതീക്ഷിത ആക്രമണത്തിനിടെ അരുൺ  ആസിഡ് തട്ടിത്തെറിപ്പിച്ചിരുന്നു. ഇതോടെ ആസിഡ് മുഖത്തു വീണ് ഷീബയ്ക്കും പൊള്ളലേറ്റു. വീട്ടിലെത്തിയ ഷീബയോട് മുഖത്തെ പൊള്ളലിനെ കുറിച്ച് ചോദിച്ചപ്പോൾ തിളച്ച കഞ്ഞിവെള്ളം വീണ് ഉണ്ടായതാണെന്നാണ് മറുപടി പറഞ്ഞത്. ഇതോടെ ആർക്കും സംശയം തോന്നാതെ അഞ്ച് ദിവസത്തോളം ഭർത്താവിന്റെ വീട്ടിൽ കഴിഞ്ഞു. ശനിയാഴ്ച വൈകിട്ട് പൊലീസ് വീട്ടിലെത്തിയ അറസ്റ്റ് ചെയ്യുന്നതുവരെ വിവരം പുറത്തറിഞ്ഞിരുന്നില്ല.


കഴിഞ്ഞ 16നാണ് ഷീബ കാമുകനായ തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുണിനെ വിളിച്ചുവരുത്തുന്നത്. അരുൺ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്ന വിവരമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചത്. റബറിന് ഉറയൊഴിക്കുന്ന ആസിഡ് കുപ്പിയിൽ നിറച്ചുകൊണ്ടുവന്നാണ് അരുണിന്‍റെ മുഖത്തൊഴിച്ചത്.

അടിമാലി ഇരുമ്പുപാലം കത്തോലിക്കാ പള്ളിയുടെ മുന്നിൽനിന്നു സംസാരിക്കുന്നതിനിടെ ഷീബ കൈയിൽ കരുതിയിരുന്ന ആസിഡ് അരുണിന്റെ മുഖത്തൊഴിക്കുകയായിരുന്നു. രണ്ടു വർഷം മുൻപ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട അരുണും ഷീബയും പ്രണയത്തിലായി. ഒരു വർഷത്തോളം ഷീബ തിരുവനന്തപുരത്ത് ഹോം നഴ്സായി ജോലി ചെയ്തിരുന്ന സമയത്ത് ബന്ധം ശക്തിപ്പെട്ടു. ഷീബയെ വിവാഹം കഴിക്കാമെന്ന് അരുൺ വാക്കു നൽകി.

ഇതിനിടെ, ഷീബ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണെന്നറിഞ്ഞ അരുൺ ബന്ധത്തിൽനിന്ന് പിന്മാറി. മറ്റൊരു വിവാഹത്തിന് തയാറെടുക്കുന്നുവെന്ന് അറിഞ്ഞ ഷീബ, അരുൺ കുമാറിനെ അടിമാലിയിലേക്ക് വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നു. പണം നൽകിയാൽ പ്രശ്നം അവസാനിപ്പിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് അതേക്കുറിച്ച് സംസാരിക്കാനെന്ന് വ്യാജേനയാണ് വിളിച്ചുവരുത്തിയത്.

No comments