നവവധു 125 പവനുമായി കാമുകനൊപ്പം പോയി; ദൃശ്യങ്ങൾ സിസിടിവിയിൽ
കാസര്‍കോട്: വിവാഹം നടന്ന് ഒരു മാസത്തിനുള്ളില്‍, മണിയറയില്‍നിന്ന് 125 പവന്‍ സ്വര്‍ണാഭരണങ്ങളുമായി യുവതി കാമുകനൊപ്പം കടന്നു. യുവതി കാമുകനൊപ്പം പോകുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കാസര്‍കോട് ബേക്കലിലാണ് സംഭവം. രണ്ടു ദിവസം മുമ്ബ് അതിരാവിലെയാണ് യുവതി, പുറത്ത് കാത്തുകിടന്ന കാമുകനൊപ്പം കാറില്‍ കയറി പോയത്. വിവാഹത്തിന് വീട്ടുകാര്‍ നല്‍കിയ സ്വര്‍ണാഭരണങ്ങളുമായാണ് യുവതി പോയത്. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഭര്‍തൃവീട്ടില്‍നിന്നാണ് യുവതി കാമുകനൊപ്പം പോയത്.
സംഭവത്തില്‍ ഭര്‍തൃവീട്ടുകാരുടെ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട താമസക്കാരനായ യുവാവിനൊപ്പമാണ് യുവതി പോയതെന്ന് വ്യക്തമായിട്ടുണ്ട്. ഇയാള്‍ സ്കൂള്‍ പഠനകാലത്ത് യുവതിയുടെ സഹപാഠിയായിരുന്നുവെന്നും ഇവര്‍ പ്രണയത്തിലായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തില്‍ ബേക്കല്‍ സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ യു പി വിപിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. മൊബൈല്‍ഫോണ്‍ ടവര്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവതിയും കാമുകനും മംഗളുരുവില്‍ ഉണ്ടെന്നാണ് വിവരം. ഇവരെ ഉടന്‍ തന്നെ കസ്റ്റഡിയില്‍ എടുക്കുമെന്നും പൊലീസ് അറിയിച്ചു. ഭര്‍തൃവീട്ടുകാരുടെ കണ്ണുവെട്ടിച്ച് കൃത്യമായ ആസൂത്രണത്തോടെയാണ് യുവതി കാമുകനൊപ്പം പോയത്.
No comments