Breaking News

കാരുണ്യത്തിൻ്റെ രുചിക്കൂട്ടുമായി കൊന്നക്കാട് നാളെ മെഗാ ബിരിയാണി ചലഞ്ച്


 

കൊന്നക്കാട്: (www.malayoramflash.com) ഞായറാഴ്ച്ച കൊന്നക്കാട് വിളമ്പുന്ന ബിരിയാണിക്ക് കാരുണ്യത്തിൻ്റെ രുചിയാണ്. പ്രദേശത്തെ നിർധനരായ മൂന്ന് രോഗികളുടെ ചികിത്സാ ധനസമാഹരണത്തിനായി ഒരു നാടൊന്നാകെ ജാതി-മത- കക്ഷി- രാഷ്ട്രീയ വ്യത്യാസമില്ലാതെ കൈമെയ് മറന്ന് ഒന്നിക്കുകയാണ്. ടാക്സി ഡ്രൈവർമാരും, വ്യാപാരികളും, ക്ലബ്ബുകളും, സന്നദ്ധ സംഘടനകളും എല്ലാം ഈ സദുദ്യമത്തിന് പിന്തുണയുമായി മുന്നിലുണ്ട്. ഞായറാഴ്ച്ച നടക്കുന്ന ബിരിയാണി ചലഞ്ചിലൂടെ സമാഹരിക്കുന്ന തുക മൂന്ന് രോഗികളുടെ ചികിത്സയ്ക്കായി വീതിച്ച് നൽകും. പൊതുജനങ്ങളുടെ ഭാഗത്തു നിന്നും അത്ഭുതകരമായ സഹകരണമാണ് ബിരിയാണി ചലഞ്ചിന് ലഭിച്ചത്. നാലായിരത്തിന് മുകളിൽ ബിരിയാണി ഓർഡറുകൾ വന്നുവെങ്കിലും ഏറ്റെടുക്കാനുള്ള പരിമിതി മൂലം നാലായിരം ഓർഡറിൽ നിജപ്പെടുത്തുകയായിരുന്നുവെന്ന് സംഘാടകർ മലയോരം ഫ്ലാഷിനോട് പറഞ്ഞു. മലയോരത്ത് ഇതാദ്യമായാണ് ബിരിയാണി ചലഞ്ചിലേക്ക് ഇത്രയധികം ഓർഡറുകൾ ലഭിക്കുന്നത്. പരമാവധി സ്പോൺസർമാരെ കണ്ടെത്തിയാണ് പരിപാടി നടത്തുന്നത്. ബിരിയാണി ചലഞ്ചിലേക്ക് ചിക്കൻ വാങ്ങുന്നതിലേക്കായി മാലോത്തെ യെസ് ഐ ക്യാൻ കൂട്ടായ്മ അമ്പതിനായിരം രൂപ നൽകി. കൂട്ടായ്മയുടെ പ്രതിനിധികളായി അനിൽ ദൃശ്യ, അനീഷ് പി.എം, ബിനു, അനിൽ.സി.ആർ, വിനീത് എന്നിവർ ചേർന്ന്
സംഘാടകരായ ടി.പി തമ്പാൻ, പി.സി രഘുനാഥൻ, സിനോജ് മാത്യു, ഷാജി, സണ്ണി എന്നിവരെ തുക ഏൽപ്പിച്ചു.
കൂടാതെ പരിപാടിയുടെ വിജയത്തിനായി 'യെസ് ഐ ക്യാൻ' പ്രവർത്തകരുടെ സേവനവും ഉറപ്പ് നൽകിയിട്ടുണ്ട്.






 ചന്ദ്രുവെള്ളരിക്കുണ്ട്

No comments