ജില്ലയിൽ പ്രൊഫിലാക്സിസ് ചികിത്സ തുടങ്ങിയില്ല; ഹിമോഫീലിയ ബാധിതരായ കുട്ടികൾ ദുരിതത്തിൽ
കാഞ്ഞങ്ങാട്: സംസ്ഥാനത്തെ 13 ജില്ലകളിലും ഹിമോഫീലിയ ബാധിതരായ കുട്ടികൾക്കുള്ള പ്രൊഫിലാക്സിസ് ചികിത്സ തുടങ്ങിയെങ്കിലും ജില്ലയിൽ അത് ചുവപ്പുനാടയ്ക്കുള്ളിൽ തന്നെയാണ്. ആശാധാര സ്കീമിനു കീഴിൽ ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡേ കെയർ സെന്റർ വഴിയാണ് 18 വയസ്സിൽ താഴെയുള്ള ഹിമോഫീലിയ ബാധിതരായ കുട്ടികൾക്ക് പ്രൊഫിലാക്സിസ് ചികിത്സ നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നത്. കുട്ടികൾക്ക് രോഗപ്രതിരോധം ലഭിക്കാനായി നിശ്ചിത കാലയളവിൽ തുടർച്ചയായി ഫാക്ടർ 8 നൽകുന്ന രീതിയാണ് പ്രൊഫിലാക്സിസ്. ഇത് ആന്തരിക രക്തസ്രാവം നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്നു. ഇതിലൂടെ ഭാവിയിൽ ഉണ്ടാകാനിടയുള്ള വൈകല്യങ്ങളും തടയാൻ കഴിയും. ഇൻഹിബിറ്റർ സ്കീനിങ് ടെസ്റ്റ് നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ചികിത്സ തുടങ്ങേണ്ടത്. സംസ്ഥാനത്ത് കാസർകോട് ഒഴികെയുള്ള ജില്ലകളിൽ പ്രൊഫിലാക്സിസ് ചികിത്സ ആരംഭിച്ചിട്ട് മാസങ്ങളായി. ഡിഡിസിസി കളുടെ ചുമതല നോഡൽ ഓഫീസർമാർക്കാണ്. ജില്ലയിൽ ഡോ.രാജേഷ് രാമചന്ദ്രനെ നോഡൽ ഓഫീസറായി നിയമിച്ചിട്ട് ഒന്നര വർഷമായി. തുടർന്നും ചികിത്സ ആരംഭിക്കാൻ വൈകുന്ന സാഹചര്യത്തിൽ ഹിമോഫീലിയ ചാപ്റ്ററിന്റെ നേതൃത്വത്തിൽ രോഗികളുടെ ഇൻഹിബിറ്റർ സ്ക്രീനിങ് ടെസ്റ്റ് നടത്തി റിപ്പോർട്ട് നോഡൽ ഓഫീസർക്ക് കൈമായിരുന്നു. അതുകഴിഞ്ഞ് മാസങ്ങളായിട്ടും പ്രൊഫിലാക്സിസ് ചികിത്സ തുടങ്ങാത്ത സാഹചര്യമാണുള്ളത്. ഇതിനാവശ്യമായ ഫാക്ടർ 8 ഉൾപ്പെടെ സർക്കാർ നൽകിയിട്ടും നോഡൽ ഓഫീസറുടെ താത്പര്യക്കുറവാണ് ഇത് വൈകുന്നതിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. 18 വയസിൽ താഴെയുള്ള ഹിമോഫീലിയ ബാധിതരായ 20 കുട്ടികളാണ് ജില്ലയിലുള്ളത്. ചികിത്സ തുടങ്ങാൻ വൈകുന്ന സാഹചര്യത്തിൽ ഹിമോഫീലിയ സൊസൈറ്റി ഭാരവാഹികൾ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി നൽകാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. നിലവിൽ പ്രൊഫിലാക്സിസ് ചികിത്സ മറ്റിടങ്ങളിൽ നിന്നും നടത്തുന്നവർക്ക് മാത്രം അതിനുള്ള സംവിധാനം ഇവിടെ ഒരുക്കാമെന്നാണ് അധികൃതർ നൽകുന്ന മറുപടി. എന്നാൽ ജില്ലയിൽ അത്തരത്തിൽ ആരും തന്നെ ഇല്ലെന്നതാണ് വാസ്തവം. പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കിൽ മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി നൽകാനാണ് ഹിമോഫീലിയ ബാധിതരുടെ തീരുമാനം.
No comments