കാഞ്ഞങ്ങാട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിന് മുകളിൽ ലൈൻ വീണു;ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കാഞ്ഞങ്ങാട് : ചൊവ്വ വൈകീട്ടുണ്ടായ കാറ്റിനും മഴയ്ക്കും, ഓടുന്ന ബസിന് മുകളിൽ വൈദ്യുതി ലൈൻ പൊട്ടി വീണു. കിഴക്കുംകര ശാന്തികലാ മന്ദിരത്തിന് മുന്നിൽ വൈകീട്ട് 4.30 ഓടെയാണ് അപകടം. മൂന്നാംകടവ് താന്നിയടി കാഞ്ഞങ്ങാട് റൂട്ടിൽ സർവീസ് നടത്തുന്ന ഹരേ കൃഷ്ണ ബസിന് മുകളിലേക്കാണ് പഴകിയ പോസ്റ്റടക്കം ലൈൻ വീണത്. യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും വൈദ്യുതി ബന്ധം ഉടൻ നിലച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
ഇടുങ്ങിയ പാതയിൽ റോഡിൽ തന്നെ മൂന്നോളം പോസ്റ്റുകൾ അപകടാവസ്ഥയിലുണ്ട്. നിരന്തരം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മാവുങ്കാലിൽ നിന്നും ചിത്ര ഡിന്നർസെറ്റിന് സമീപം വരെ റോഡിന് ആവശ്യമായ വീതിയുണ്ടെങ്കിലും പിന്നീട് റോഡരികിലൂടെ കാൽനടയാത്രക്കാരന് സഞ്ചരിക്കാൻ പോലും വഴിയില്ല. വർഷങ്ങൾക്ക് മുമ്പ് കുന്നുമ്മലിലെ സ്വകാര്യ വ്യക്തിയുടെ മതിലിനും ബസിനും ഇടയിൽ പെട്ട് യുവാവ് ദാരുണമായി മരിച്ചിരുന്നു. ജില്ലയിലെ ഏറ്റവും തിരക്കേറിയ നഗരത്തിലേക്കുള്ള പാതയായതിനാൽ റോഡിന് ആവശ്യമുള്ള സ്ഥലത്ത് വീതി കൂട്ടുകയും അപകടാവസ്ഥയിലുള്ള പോസ്റ്റുകൾ മാറ്റി സ്ഥാപിക്കണമെന്നും ഓട്ടോ ഡ്രൈവർമാർ ആവശ്യപ്പെട്ടു
No comments