Breaking News

കന്നഡയിൽ പ്രമുഖ ബാല സിനിമാതാരമായി ഉയർന്ന് നീലേശ്വരം ചന്തേര സ്വദേശി


കാസർകോട്: കന്നഡ സിനിമയിൽ മിന്നും താരമായി ഉയരങ്ങൾ കീഴടക്കുകയാണ് ചന്തേര പടിഞ്ഞാറേക്കര സ്വദേശിയായ സായികൃഷ്ണ. സായികൃഷ്ണയുടെ രണ്ടാമത്തെ പ്രമുഖ ചിത്രമായ ' നൻ ഹെസറു കിഷോറ വൾ പാസ് എൻറു ' ഈ മാസം 19 ന് കാസർകോട് കൃഷ്ണ തീയറ്ററിൽ എടനീർ മഠാധിപതി റിലീസ് ചെയ്യും. കുട്ടികളോട് കാണിക്കുന്ന അനീതിക്കും അക്രമത്തിനും ചൂഷണത്തിനും എതിരായി പോരാടാൻ ആഹ്വാനം ചെയ്യുന്ന ഈ സിനിമ പതി ഫിലിംസിന്റെ ബാനറിൽ എം.ഡി. പാർത്ഥസാരഥിയാണ് നിർമ്മിക്കുന്നത്2019-20 ലെ ബംഗളുരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഈ സിനിമ പ്രദർശിപ്പിച്ചിട്ടുണ്ട്. മുത്തച്ഛനും പേരക്കുട്ടിയും തമ്മിലുള്ള ബന്ധം, അവയവമോഷണത്തിന് വേണ്ടി കുട്ടികളെ തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വിവിധങ്ങളായ വിഷയങ്ങൾ ചിത്രം പറയുന്നു.കാസർകോട് കെ.എസ്.ആർ.ടി.സിയിലെ കണ്ടക്ടറും സി.ഐ.ടി.യു യൂണിയൻ യൂണിറ്റ് സെക്രട്ടറിയുമായ കൃഷ്ണകുമാറിന്റെയും ചിന്മയ സ്കൂൾ അദ്ധ്യാപിക ബി. സ്വപ്നയുടെയും ഏകമകനാണ് സായി. തുളു അക്കാഡമി ചെയർമാൻ ഉമേഷ് ശാലിയന്റെ ശിഷ്യയായാണ് നാടകത്തിൽ എത്തുന്നത്. കൊൽക്കത്തയിലും ബംഗളൂരുവിലും നടന്ന നാടക ക്യാമ്പുകളിലും പ്രദർശനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. സ്വന്തമായി സംവിധാനം ചെയ്ത ഏഴ് ഷോർട്ട് ഫിലിമുകളും ഒരു ആൽബവും സോഷ്യൽ മീഡിയകളിൽ വൈറലായതോടെയാണ് സായിയുടെ സിനിമാ പ്രവേശം. കന്നഡയിൽ വമ്പൻ വിജയം നേടിയ 'സർക്കാരി ഹിരിയ പ്രാഥമിക ശാലെ' എന്ന സിനിമയിലൂടെയാണ് കാസർകോട് ചിന്മയ വിദ്യാലയത്തിൽ ഒമ്പതാംതരം വിദ്യാർത്ഥിയായ സായി ശ്രദ്ധ നേടിയത്.മൈസൂരിലായിരുന്നു സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. കൊവിഡ് കാരണമാണ് റിലീസ് വൈകിയതെന്നും കുട്ടികൾ നേരിടുന്ന അതിക്രമങ്ങൾ തടയുക എന്നതാണ് സിനിമയുടെ ലക്ഷ്യമെന്നും നിർമ്മാതാവ് എം.പി പാർത്ഥസാരഥിയും സംവിധായകൻ ഭാരതി ശങ്കറും പറഞ്ഞു.

No comments