Breaking News

കണ്ണൂർ സർവകലാശാലയുടെ എട്ടാമത് ക്യാമ്പസ് മഞ്ചേശ്വരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു


 

കാസര്‍ഗോഡിനെ ഉന്നതവിദ്യാഭ്യാസത്തിന്റെ കേന്ദ്രമാക്കാന്‍ ഉതകുന്നതായിരിക്കും കണ്ണൂര്‍ സര്‍വ്വകലാശാലയുടെ മഞ്ചേശ്വരം ക്യാമ്പസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു കണ്ണൂർ സർവകലാശാലയുടെ എട്ടാമത് ക്യാമ്പസ് മഞ്ചേശ്വരത്ത് ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി

ഈ വര്‍ഷം തന്നെ ഇവിടെ എല്‍ എല്‍ എം കോഴ്‌സ് ആരംഭിക്കുന്നതിന്റെ ഭാഗമായി കോഴ്‌സിലേക്കുള്ള പ്രവേശന നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. അടുത്ത വര്‍ഷം എല്‍ എല്‍ ബി കോഴ്‌സും ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. മഞ്ചേശ്വരം ക്യാമ്പസിനെ അക്കാദമിക മികവിന്റെ കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. അടുത്ത അഞ്ച് വര്‍ഷംകൊണ്ട് ഇതിനെ ഭാഷാവൈവിധ്യ പഠനകേന്ദ്രമായി വളര്‍ത്തിയെടുക്കുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 സപ്തഭാഷകളുടെയും സാംസ്‌കാരിക ബഹുസ്വരതയുടെയും ഭൂമിയാണ് കാസര്‍ഗോഡ്. മലയാളത്തിനു പുറമെ തുളു, കന്നഡ, ബ്യാരി, മറാഠി, കൊങ്കണി, ഉര്‍ദു എന്നീ ഭാഷകള്‍ സംസാരിക്കുന്നവര്‍ ഇവിടെയുണ്ട്. കേരളത്തിന്റെ സൗന്ദര്യം കവിതകളിലേക്കാവാഹിച്ച പി കുഞ്ഞിരാമന്‍ നായര്‍, രാഷ്ട്രകവി ഗോവിന്ദ പൈ, മഹാകവി കുട്ടമത്ത്, വിദ്വാന്‍ പി. കേളുനായര്‍, കയ്യാര്‍ കിഞ്ഞണ്ണ റായ്, കവിയും മാപ്പിള സാഹിത്യ പണ്ഡിതനുമായിരുന്ന ടി ഉബേദ്, സ്വാതന്ത്ര്യ സമരസേനാനിയും കവിയുമായ റ്റി എസ് തിരുമുമ്പ് എന്നിങ്ങനെ നിരവധി സാംസ്‌കാരിക നായകരെ കേരളത്തിനു സംഭാവന ചെയ്ത ജില്ലയാണ് കാസര്‍ഗോഡ്. 

സംസ്ഥാനത്താകെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സവിശേഷമായ ഇടപെടലുകള്‍ നടത്തുമ്പോള്‍ മഞ്ചേശ്വരം സെന്റര്‍ ഉള്‍പ്പെടെയുള്ള മുന്‍കൈകളിലൂടെ കാസര്‍ഗോഡ് ജില്ലയ്ക്കു കൂടി അവയുടെ പ്രയോജനം ലഭ്യമാക്കാനാണ്  സര്‍ക്കാര്‍ ശ്രമിക്കുന്നത്. സമസ്ത മേഖലകളിലും കാസര്‍ഗോഡിന്റെ വികസനത്തിനു പ്രതേക പരിഗണനയാണ് സംസ്ഥാനസര്‍ക്കാര്‍ നല്‍കി വരുന്നത്. പുതിയ മെഡിക്കല്‍ കോളേജ് ജില്ലയില്‍ ആരംഭിച്ചതും 15 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയതും 244 വിദ്യാലയങ്ങളെ ഹൈടെക്ക് ആക്കിയതുമൊക്കെ അതിന്റെ ദൃഷ്ടാന്തങ്ങളാണ്. 

തരിശു രഹിത ഗ്രാമങ്ങള്‍ ഒരുക്കിയതും ലൈഫ് മിഷനിലൂടെ എണ്ണായിരത്തിലധികം ഭവനങ്ങള്‍ പണിതതും ഹൈവേ വികസനം ത്വരിതപ്പെടുത്തിയതുമെല്ലാം കാസർഗോഡ് ജില്ലയെയും ഇവിടുത്തെ ജനങ്ങളെയും സര്‍ക്കാര്‍ സവിശേഷമായി കരുതുന്നതുകൊണ്ടാണ്. ഈ വിധത്തിലുള്ള സമഗ്ര ഇടപെടലുകളിലൂടെ അടിസ്ഥാന ആവശ്യങ്ങള്‍ -  ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയെല്ലാം നിറവേറ്റപ്പെടുന്നു എന്നുറപ്പുവരുത്തുക യാണെന്ന് മുഖ്യമന്ത്രി പറഞ്ഞു



 കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുള്‍പ്പെടെ പുതിയ തസ്തികകള്‍ അനുവദിച്ച് കണ്ണൂർസര്‍വ്വകലാശാലയുടെ അഭിവൃദ്ധിക്കുതകുന്ന നിലപാടുകളാണ് കൈക്കൊണ്ടിട്ടുള്ളത്. മഞ്ചേശ്വരത്തെ പുതിയ ക്യാമ്പസ് അത്തരം നിലപാടുകളുടെ പ്രത്യക്ഷ ഉദാഹരണമാണ്. 

കേരളം വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും മാറുകയാണ്. ആ മാറ്റത്തില്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ട്. അതിനു സഹായകരമാവുന്ന വിധത്തില്‍ പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ ഒരുക്കിയ ശക്തമായ അടിത്തറയിൽ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയും നവീകരണവും സാധ്യമാക്കുകയാണ്. വിജ്ഞാന സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനം തന്നെ വിജ്ഞാനത്തെ ഉത്പാദന പ്രക്രിയയുമായി ബന്ധിപ്പിക്കുകയും അങ്ങനെ ഉത്പാദനരംഗത്തു വലിയ മുന്നേറ്റമുണ്ടാക്കുകയുമാണ്. നമ്മുടെ ഉന്നതവിദ്യാഭ്യാസ രംഗത്തിന് വ്യവസായ സംരംഭങ്ങളുമായി ജൈവവും സക്രിയവുമായ ബന്ധം ഉണ്ടാകണം. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന അറിവുകളെ വ്യവസായങ്ങളുമായി ബന്ധപ്പെടുത്തി വികസിപ്പിക്കണം. 

അങ്ങനെ നാട് നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ആധുനിക അറിവുകളിലും അടിസ്ഥാനപ്പെട്ടുകൊണ്ട് പരിഹാരം കാണാന്‍ കഴിയണം. അതിനുള്ള ചാലകശക്തികളാവണം കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍. അത്തരത്തില്‍ നാടിനും സമൂഹത്തിനും ഗുണകരമാകുന്ന ഗവേഷണങ്ങള്‍ നടത്താന്‍ കണ്ണൂര്‍ സര്‍വകലാശാലയ്ക്കു കഴിയണമെന്ന്  പിണറായി വിജയൻ പറഞ്ഞു

No comments