Breaking News

ഉപ്പളയിലെ സിയ റിമാന്‍ഡില്‍, ഡോൺ തസ്‌ലീം,കാലിയാ റഫീഖ് കൊലപാതകമുൾപ്പടെ പതിനഞ്ച് കേസ്



കാസർകോട്: ബ്യൂട്ടിപാർലർ വെടിവെപ്പ്‌ കേസിൽ മുംബൈയിൽ അറസ്റ്റിലായ ഉപ്പള പൈവളിഗെ കായർകട്ടയിലെ യൂസഫ് സിയക്ക്‌ (ജിയ) എതിരെയുള്ളത് കൊലപാതകങ്ങൾ ഉൾപ്പെടെ പതിനഞ്ചിലേറെ കേസ്. ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലാണ് അതിലേറെ കേസുകളും. കൊച്ചിയിലെ കേസിൽ പ്രതിയായ യൂസഫ് സിയ വ്യാജ പാസ്പോർട്ടിൽ വിദേശത്തേക്ക്‌ കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈ പോലീസ് പിടിച്ച് സംസ്ഥാന തീവ്രവാദ വിരുദ്ധ സേനയ്ക്ക്‌ (എ.ടി.എസ്.) കൈമാറുകയായിരുന്നു.


മഞ്ചേശ്വരം, കുമ്പള, വിദ്യാനഗർ, കാസർകോട് ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലാണ് സിയയ്ക്കെതിരെ കേസുള്ളത്. 2010 ജൂൺ 26-ന്‌ ബേവിഞ്ചയിലെ വീടിന്‌ വെടിയുതിർത്ത കേസിൽ പ്രതിയാണ് സിയ. രവി പൂജാരിയാണ് അതിനുപിന്നിലെന്നാണ് പോലീസ് സംശയം.


ഉപ്പളയിലെ ക്വട്ടേഷൻ സംഘത്തലവൻ കാലിയ റഫീഖിനെ 2017 ഫെബ്രുവരി 15-ന്‌ മംഗളൂരു കോട്ടോക്കാറിൽ വെടിവെച്ചുകൊന്ന കേസിലും ചെമ്പരിക്കയിലെ സി.എം.മുഹ്ത്തസിനെ (ഡോൺ തസ്‌ലിം) 2020 ഫെബ്രവുരി രണ്ടിന് തട്ടിക്കൊണ്ടുപോയി ഗുൽബർഗയിൽ വെടിെവച്ച്‌ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്‌ ജിയയെന്ന് പോലീസ് പറഞ്ഞു. രണ്ട് കൊലപാതകവും നടന്നത് കർണാടകയിലാണ്. ഉപ്പള, മംഗളൂരു അടക്കമുള്ള വിവിധയിടങ്ങളിലെ കൊലപാതകങ്ങളും യൂസഫ് സിയയുടെ ക്വട്ടേഷനാണെന്നാണ് പോലീസ് നിഗമനം.


തുടക്കം മണൽകടത്തലിൽനിന്ന്


:അനധികൃത മണൽ കടത്തിലൂടെയാണ്‌ യൂസഫ് സിയ അന്തസ്സംസ്ഥാന ബന്ധങ്ങളുള്ള കുറ്റകൃത്യങ്ങളുടെ കണ്ണിയായി വളർന്നതെന്ന് പോലീസ് പറഞ്ഞു. ബാളിഗെ അസീസിനോടൊപ്പം ചേർന്നായിരുന്നു ചെറിയ ക്വട്ടേഷനുകളുടെ തുടക്കം.


തർക്കത്തെ തുടർന്ന്‌ ബാളിഗെ അസീസുമായി തെറ്റിയ സിയ സ്വന്തമായി ക്വട്ടേഷനുകൾ ഏറ്റെടുത്തു തുടങ്ങുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മാസങ്ങൾക്കുശേഷം ബാളിഗെ അസീസ് കൊലപ്പെട്ടു. രണ്ടു സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയും അതേത്തുടർന്നുള്ള വെടിവെപ്പുകളും ഉപ്പളയിൽ ഉയർന്നുകേട്ടുകൊണ്ടിരുന്നു.


പോലീസിന്റെ ഇടപെടൽ ശക്തമായതോടെ പ്രവർത്തനകേന്ദ്രം കേരളത്തിന് പുറത്തേക്ക് മാറ്റുകയായിരുന്നു.


സ്വർണക്കടത്തിന്റെ ഇടവഴികളിൽ


:സ്വർണക്കടത്ത്‌ ഏജന്റുമാരെയും കടത്തുകാരെയും തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കലിൽനിന്ന് സ്വർണ അയിരുകളുടെ ഇടപാടുകളിലേക്കും സിയയുടെ കൈകൾ പിന്നീട് വളർന്നതായി പോലീസ് പറഞ്ഞു.


ഉപ്പളയിലെ കാലിയ റഫീഖിനെ കൊലപ്പെടുത്തിയശേഷം വൻകിട ഹോട്ടലുകളും ബാറുകളും നടത്തുന്ന പൈവളിഗെ സ്വദേശികളുടെ സഹായത്തോടെയാണ്‌ സിയ ഗൾഫിലെത്തിയതെന്ന് പോലീസ് പറഞ്ഞു,


കര്‍ണാടക പൊലീസിന് ഇയാള്‍ തലവേദനായിരുന്നു. പിടികൂടാന്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. കാസര്‍കോട് ബേവിഞ്ചയിലെ മരാമത്ത് കരാറുകാരന്‍ എം.ടി. മുഹമ്മദ് കുഞ്ഞിയുടെ വീടിനനേരെ വെടിയുതിര്‍ത്ത് പണംതട്ടാന്‍ ശ്രമിച്ചതിന് പിന്നിലും സിയയായിരുന്നു. സമൂഹത്തിലെ ഉന്നതരെ ഭീഷണിപ്പെടുത്തി പണംതട്ടലാണ് ഇയാളുടെ രീതി. നടി ലീന മരിയയുടെ കൈവശം പണമുണ്ടെന്ന് സിയയ്ക്ക് അറിവുണ്ടായിരുന്നു. ലീനയെ ഫോണില്‍ ഭീഷണിപ്പെടുത്താനായി അധോലോക കുറ്റവാളി രവി പൂജാരിയോട് ആവശ്യപ്പെട്ടത് സിയയാണ്. ഇതുപ്രകാരം ഫോണില്‍വിളിച്ച്‌ 25 കോടിരൂപ പൂജാരി ആവശ്യപ്പെടുകയായിരുന്നു. ഭീഷണി ഫലിക്കാതായപ്പോള്‍ സിയവഴി പൂജാരി ബ്യൂട്ടിപാര്‍ലറില്‍ വെടിവെപ്പ് നടത്തി. ദുബായ് കേന്ദ്രീകരിച്ച്‌ കേരളത്തിലേക്ക് സ്വര്‍ണക്കടത്തും ഹവാല ഇടപാടുകളും നടത്തുന്ന കാസര്‍കോട് സംഘത്തിന്റെ തലവനാണ് ഇയാള്‍. സമാനമായി നിരവധിപ്പേര്‍ ഇരയായിട്ടുണ്ടെന്നാണ് എ.ടി.എസ് കരുതുന്നത്.


സഹകരിക്കാതെ സിയ


കൊച്ചിയില്‍ എത്തിച്ച്‌ വിശദമായി ചോദ്യംചെയ്‌തെങ്കിലും എ.ടി.എസ് അന്വേഷണത്തോട് സിയ സഹകരിച്ചിരുന്നില്ല. ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സിയയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എ.ടി.എസ് ഇയാളെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച അപേക്ഷ കോടതി പരിഗണിക്കും. അതേസമയം സിയയെ കസ്റ്റഡിയിലെടുക്കാന്‍ കര്‍ണാടക പൊലീസും രംഗത്തുണ്ട്‌


No comments