Breaking News

കോട്ടഞ്ചേരി പാമത്തട്ടിലെ നിർദ്ദിഷ്ട ഖനന പ്രദേശത്ത് എഡിഎമ്മിൻ്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി


കൊന്നക്കാട്:  കോട്ടഞ്ചേരി മലനിരകളിൽ പുതുതായി പാരിസ്ഥിതിക അനുമതി ലഭിച്ച ക്വാറിക്ക് എക്സ്പ്ലോസീവ് ലൈസൻസ് അനുവദിക്കുന്നതിന് മുന്നോടിയായ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ സ്ഥലപരിശോധന നടന്നു.  നിലവിൽ ജില്ലാ മജിസ്‌ട്രേറ്റ് എക്സ്പ്ലോസീവ് അനുമതി നിഷേധിച്ചിരുന്നു. ഹൈക്കോടതിയിൽ കേസ് നിലവിലിരിക്കുകയാണ്. 


പരിശോധന നടക്കുന്ന സ്ഥലത്ത് കൊട്ടാഞ്ചേരി സംരക്ഷണ സമിതിയുടെയും ജില്ലാ പരിസ്ഥിതി സമിതിയുടെയും ആഭിമുഖ്യത്തിൽ പരിസരവാസികളുടെ വൻ പ്രതിഷേധം നടന്നു. പരിസ്ഥിതി ലോല പ്രദേശമായ കൊട്ടഞ്ചേരി വനമേഖലയിൽ  ഖനനം നടത്തുന്നത് വൻ പരിസ്‌ഥിതി ആഘാതത്തിനു വഴിവയ്ക്കുന്നതാണ്. സ്ഥലം നിവാസികളുടെ കുടിവെള്ളം, കൃഷി തുടങ്ങിയ എല്ലാ ഉപജീവന മാർഗ്ഗങ്ങൾക്കും വൻ ആഘാതമാണ് പാറ  പൊട്ടിക്കുന്നത് കൊണ്ട് ഉണ്ടാകുക.


എഡിഎമ്മിൻ്റെ നേതൃത്വത്തിലുള്ള പരിശോധനാ സംഘത്തിൽ  തഹസീൽദാർ, വില്ലേജ് ഓഫീസർ കൂടാതെ മലിനീകരണ നിയന്ത്രണ ബോർഡ്, മൈനിംഗ് ആൻഡ് ജിയോളജി, ദുരന്ത നിവാരണ അതോറിറ്റി, ഭൂഗർഭ ജല അതോറിറ്റി, പോലീസ് തുടങ്ങിയ വകുപ്പുകളെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു


പരിശോധനയെക്കത്തിയ അധികൃതരുടെ മുൻപിൽ ബളാൽ പഞ്ചായത്ത്‌ മെമ്പർ മോൻസി ജോയ്, മുൻ മെമ്പർ കെ.വി കൃഷ്ണൻ, ജില്ല പരിസ്ഥിതി സമിതി ഭാരവാഹികളായ അഡ്വക്കേറ്റ് ടി.വി രാജേന്ദ്രൻ, വി.കെ വിനയൻ, റിജോഷ് ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ ജനക്കൂട്ടം സ്ഥലത്തു ഉണ്ടായിരുന്നു. അതീവ പരിസ്ഥിതി ലോല പ്രദേശമായ കോട്ടഞ്ചേരി മല നിരകളിൽ ക്വാറി അനുവദിക്കാൻ ഉള്ള നീക്കങ്ങളെ എന്ത് വില കൊടുത്തും എതിർക്കുമെന്ന് ജനങ്ങൾ പ്രതിജ്ഞ എടുത്തു.

No comments