Breaking News

ഉക്കിനടുക്കയിലെ കാസർകോട്‌ മെഡിക്കൽ കോളേജിൽ ഈ മാസം അവസാനത്തോടെ രോഗികളെ പരിശോധിക്കാൻ തുടങ്ങും


കാസർകോട്‌: ഉക്കിനടുക്കയിലെ കാസർകോട്‌ മെഡിക്കൽ കോളേജിൽ ഈ മാസം അവസാനത്തോടെ രോഗികളെ പരിശോധിക്കാൻ തുടങ്ങും.നിർമാണം പൂർത്തിയായ അക്കാദമിക്ക്‌ ബ്ലോക്കിലാണ്‌ താൽക്കാലിക ഒപി വിഭാഗം തുടങ്ങുക. സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയരക്ടറേറ്റിന്റെ അനുമതി ലഭിക്കുന്നതോടെ 15 ഓടെ ഒപി ആരംഭിക്കും. ജീവനക്കാരെയും സൗജന്യമായി നൽകാനുളള മരുന്നും ലഭ്യമാക്കും. നിലവിൽ 21 ഡോക്ടറും 30  നേഴ്‌സിങ് ജീവനക്കാരുമുണ്ട്‌. 

ശുചീകരണം, ഫാർമസിസ്‌റ്റ്‌, ലാബ്‌, സെക്യൂരിറ്റി വിഭാഗങ്ങളിൽ ജീവനക്കാരെ വേണം. ഈ വിഭാഗത്തിൽ നേരത്തെയുണ്ടായിരുന്ന കോവിഡ്‌ ബ്രിഗേഡ്‌ പ്രവർത്തകരെ ദേശീയ ആരോഗ്യദൗത്യം പിൻവലിച്ചു.ആശുപത്രിയിൽ കമ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിന്റെ സൗകര്യങ്ങളുണ്ടാകും.  രണ്ട്‌ ലിഫ്‌റ്റുകൾ സ്ഥാപിക്കുന്നതിന്റെ പ്രവൃത്തി നടക്കുന്നു. ഓക്‌സിജൻ പ്ലാന്റിന്റെ പണി പൂർത്തിയാകുന്നു. സൗകര്യങ്ങളൊരുക്കാൻ ഏഴ്‌ കോടി രൂപ ചെലവിട്ടു. 

 

ആശുപത്രി ബ്ലോക്ക്‌ ജൂണിൽ  

കഴിഞ്ഞവർഷം മാർച്ചിൽ അക്കാദമിക്ക്‌ ബ്ലോക്കിൽ താൽക്കാലിക ഒപി തുടങ്ങാൻ തീരുമാനിച്ചതാണ്‌.കോവിഡ്‌ വ്യാപനത്തോടെ ഇവിടം കോവിഡ്‌ ചികിത്സാ കേന്ദ്രമാക്കി. ഒന്നര വർഷമായി പ്രവർത്തിച്ച കേന്ദ്രം  ഒക്‌ടോബർ ഒന്നിനാണ്‌ നിർത്തിയത്‌.  95 കോടി രൂപ ചെലവിട്ട ആശുപത്രി ബ്ലോക്കിന്റെ നിർമാണം  അടുത്തവർഷം ജൂണോടെ പൂർത്തിയാകും. ഇലക്ട്രിക്കൽ, മെക്കാനിക്കൽ പ്രവൃത്തി പൂർത്തിയാകാനുണ്ട്‌. ഹോസ്‌പിറ്റൽ ബ്ലോക്കിന്റെ നിർമാണം പൂർത്തിയാക്കുന്നതോടെ ഇവിടെയായിരിക്കും സ്ഥിരം ഒപി. സ്‌പെഷ്യാലിറ്റി സംവിധാനങ്ങളുമുണ്ടാകും160 കോടിയുടെ നിർമാണം വേഗത്തിലാകും

മെഡിക്കൽ കോളേജിൽ കെട്ടിടങ്ങളും അത്യാധുനിക സൗകര്യങ്ങളുമൊരുക്കാൻ 160.23 കോടി രൂപയുടെ പ്രവർത്തിക്ക്‌ സംസ്ഥാന സർക്കാർ കിഫ്‌ബി മുഖേന ഭരണാനുമതി നൽകിയിയിട്ടുണ്ട്‌. കോളേജിലേക്കായി 273 തസ്‌തിക  സൃഷ്ടിച്ചു. 100 വിദ്യാർഥികളും 500 ബെഡുമുള്ള  മെഡിക്കൽ കോളേജാണ്‌ തുടക്കത്തിൽ പദ്ധതിയിട്ടിരിക്കുന്നത്‌. പിന്നീട്‌ 150 വിദ്യാർഥികളെ പ്രവേശിപ്പിക്കും. ഡോക്ടർമാരുടെയും പെൺകുട്ടികളുടെയും താമസ സൗകര്യത്തിനായി 30 കോടി രൂപ ചെലവിൽ  കെട്ടിടങ്ങൾ നിർമിക്കുന്നുണ്ട്‌.

No comments