ഓൺലൈൻ തട്ടിപ്പ്; ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
കൊല്ലം അഞ്ചലിൽ ഓൺലൈൻ തട്ടിപ്പിന് ഇരയായ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. കണ്ണങ്കോട് മേനാച്ചേരി വീട്ടിൽ ദേവസ്യയാണ് തൂങ്ങി മരിച്ചത്. മാസം തോറും വലിയ തുക അക്കൗണ്ടിൽ വരും എന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. തട്ടുകട നടത്തി ഉപജീവനം നടത്തിവന്ന ദേവസ്യയെ കുളത്തുപ്പുഴ സ്വദേശി ഉൾപ്പെടെ മൂന്ന് പേർ ചേർന്നാണ് മണി ചെയിനിനു സമാനമായ ഓൺലൈൻ തട്ടിപ്പിന് ഇരയാക്കിയത്. ഓൺലൈൺ ബിസിനസിൽ വലിയ ലാഭം നേടാമെന്നായിരുന്നു വാഗ്ദാനം. 75000 രൂപ വാങ്ങിയാണ് ബിസിനസിൽ ചേർത്തത്. ആദ്യം ഒരു മാസം ദേവസ്യയുടെ ബാങ്ക് അക്കൗണ്ടിൽ പണം ലഭിക്കുകയും ചെയ്തു.
തുടർന്ന് ഏഴ് പേരെ ദേവസ്യ ഓൺലൈൻ ബിസിനസിൽ ചേർത്തു. ഇവരിൽ നിന്ന് 75000 രൂപ വാങ്ങി തട്ടിപ്പ് സംഘത്തെ ഏൽപ്പിച്ചു. മാസം തോറും വലിയ തുക ലഭിക്കും എന്നായിരുന്നു ഇവർക്കും നൽകിയ വാഗ്ദാനം. അക്കൗണ്ടിൽ പണം വരാതായതോടെ ഇവർ നിരന്തരം ദേവസിയുടെ വീട്ടിലെത്തി. നൽകിയ തുക തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. ഈ വിവരം തട്ടിപ്പ് നടത്തിയ സംഘത്തെ അറിയിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയും പണം തിരികെ നൽകില്ലെന്നും പറഞ്ഞു. ഇതിൽ മനംനെന്താണ് ദേവസ്യ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചതെന്ന് ഭാര്യ ലിസി. തട്ടിപ്പ് സംഘത്തിന് എതിരെ പരാതിയുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്‍റെ തീരുമാനം.
No comments