Breaking News

വാക്‌സിനെടുക്കാത്തവർക്ക് റേഷനുമില്ല പെട്രോളുമില്ല....


കോവിഡ് പ്രതിരോധവാക്‌സിന്റെ ഒരുഡോസെങ്കിലും എടുത്തിട്ടില്ലാത്തവർക്ക് റേഷൻകടകളിൽനിന്ന് പലചരക്കുസാധനങ്ങൾ നൽകരുതെന്നും പെട്രോളോ പാചകവാതകമോ കൊടുക്കരുതെന്നും മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലാഭരണകൂടത്തിന്റെ ഉത്തരവ്. ജില്ലയിൽ പ്രതിരോധകുത്തിവെപ്പ് പ്രതീക്ഷിച്ചരീതിയിൽ മുന്നേറുന്നില്ലെന്ന് കണ്ടതിനെത്തുടർന്നാണ് ഈ നടപടി. കോവിഡ് വാക്‌സിനെടുത്തതിന്റെ സർട്ടിഫിക്കറ്റ് കാണിച്ചവർക്കുമാത്രം റേഷൻസാധനങ്ങൾ നൽകിയാൽ മതിയെന്നു കാണിച്ച് കളക്ടർ സുനിൽ ചവാനാണ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. ഗ്യാസ് ഏജൻസികൾക്കും പെട്രോൾപമ്പുകൾക്കും സമാനനിർദേശം നൽകിയിട്ടുണ്ട്. ഇതു ലംഘിക്കുന്ന കടയുടമകൾക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്നും ഉത്തരവിൽ പറയുന്നു.

സംസ്ഥാനത്തെ അർഹരായ മുഴുവനാളുകൾക്കും നവംബർ അവസാനത്തോടെ ആദ്യഡോസ് വാക്‌സിൻ നൽകാനാണ് മഹാരാഷ്ട്ര സർക്കാരിന്റെ ശ്രമം. എന്നാൽ, ഔറംഗാബാദിൽ ഇതുവരെ 71 ശതമാനം പേരേ ആദ്യഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ളൂ. രണ്ടുഡോസുമെടുത്തത് 24 ശതമാനം മാത്രമാണ്. ഇവിടുത്തെ ജനസംഖ്യയിലെ വലിയൊരുവിഭാഗം കർഷകത്തൊഴിലാളികളാണ്. ജോലിക്കുപോകുന്നതുകൊണ്ട് പകൽസമയം വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്താൻ ഇവർക്കുകഴിയുന്നില്ല എന്നത് മനസ്സിലാക്കി വൈകുന്നേരങ്ങളിൽ പ്രത്യേക വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു. ഒരുഡോസ് വാക്‌സിൻപോലും എടുത്തിട്ടില്ലാത്ത ജീവനക്കാർക്ക് ശമ്പളം നൽകില്ലെന്ന് താനെ നഗരസഭ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

No comments