ജനുവരി ഒന്നുമുതല്‍ ജി.എസ്.ടിയില്‍ പുതിയ മാറ്റങ്ങള്‍; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
ന്യൂഡല്‍ഹി: 2022 ജനുവരി മുതല്‍ ചരക്കുസേവന നികുതിയില്‍ പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. നിലവിലെ ചരക്കുസേവന നികുതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിലും വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുമാണ് നിയമഭേദഗതി.
2021 ധനകാര്യ നിയമത്തിന്‍റെ ഭാഗമായാണ് ഇത്. പരോക്ഷ നികുതി വ്യവസ്ഥകള്‍ കര്‍ശനമാക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. ടാക്സബ്ള്‍ സപ്ലൈ, ഇന്‍പുട്ട് ടാക്സ് ക്രഡിറ്റ്, അപ്പീല്‍ നിയമങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് മാറ്റങ്ങള്‍. ഉപഭോക്താക്കളെ ഈ മാറ്റങ്ങള്‍ വലക്കില്ലെങ്കിലും ബിസിനസുകാര്‍ക്ക് ഇൗ മാറ്റങ്ങള്‍ ബാധകമായിരിക്കും.
ജി.എസ്.ടി ഫോമുകളില്‍ നികുതിയും വില്‍പ്പനയുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്ഥാപനങ്ങള്‍ക്കെതിരെ നേരിട്ട് നടപടിയെടുക്കാന്‍ പുതിയ ഭേദഗതികള്‍ അനുവാദം നല്‍കും. ഈ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി റവന്യൂ റിക്കവറി നടപടികളും സ്വീകരിക്കാനാകും.
നിലവിലെ ജി.എസ്.ടി വ്യവസ്ഥക്ക് കീഴില്‍ വാര്‍ഷിക വിറ്റുവരവ് അഞ്ചുകോടി രൂപയില്‍ കൂടുതലാണെങ്കില്‍ കമ്ബനി രണ്ട് പ്രതിമാസ റിട്ടേണുകള്‍ (ജി.എസ്.ടി.ആര്‍ 1, ജി.എസ്.ടി.ആര്‍ -3ബി) ഫയല്‍ ചെയ്യണം. ഈ ജി.എസ്.ടി.ആര്‍ 1, ജി.എസ്.ടി.ആര്‍ -3ബി എന്നിവ തമ്മില്‍ പൊരുത്തക്കേടുകള്‍ ഇല്ലെന്ന് സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. പൊരുത്തക്കേട് ശ്രദ്ധയില്‍പ്പെട്ടാല്‍ നികുതി വീണ്ടെടുക്കല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഈ മാറ്റം അധികാരം നല്‍കും. നികുതി വീണ്ടെടുക്കലിന് മുന്നറിയിപ്പും നല്‍കില്ല. നേരത്തേ പൊരുത്തക്കേടുകളില്‍ ആദ്യം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും പിന്നീട് റിക്കവറി പ്രക്രിയ ആരംഭിക്കുകയുമായിരുന്നു. അതിനാല്‍ തന്നെ ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
ബിസിനസുകളില്‍നിന്ന് നികുതി വീണ്ടെടുക്കല്‍ ശക്തിപ്പെടുത്തുന്നതിന് പുറമെ ടാക്സ് ക്രഡിറ്റ് ശക്തിപ്പെടുത്തി ഉപഭോക്താക്കളെ പ്രാപ്തരാക്കാനും ഈ മാറ്റം സഹായിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
അസംസ്കൃത വസ്തുക്കള്‍ക്കും മറ്റ് സേവനങ്ങള്‍ക്കും നല്‍കുന്ന ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതാണ് അടുത്ത മാറ്റം. ഉദാഹരണമായി ജി.എസ്.ടി.ആര്‍ ഒന്ന് ഫോമില്‍ പ്രതിമാസ വില്‍പ്പന റിട്ടേണില്‍ വില്‍പ്പനക്കാരന്‍ ഇന്‍വോയ്സില്‍ ഒരു ഇനത്തിന്‍റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍, വാങ്ങുന്നയാള്‍ക്ക് ആ ഇനത്തിന് അടച്ച നികുതിയുടെ ക്രെഡിറ്റ് ലഭിക്കാന്‍ യോഗ്യനാകില്ല. ബിസിനസുകളുടെ നികുതി വെട്ടിപ്പ് തടയുന്നതിനും സുതാര്യമാക്കുന്നതിനുമാണ് ജി.എസ്.ടിയിലെ പുതിയ മാറ്റങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു.
No comments