ബസ്സിൽ ബോധം കെട്ട് വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ച് കനകപ്പള്ളിയിലെ പാസ്റ്റർ മാതൃകയായി
നീലേശ്വരം: ചായ്യോം സ്വദേശിയായ യുവതി നീലേശ്വരം റെയിൽവേ സ്റ്റേഷനടുത്ത് ബസ്സിൽനിന്ന് ഇറങ്ങുവാൻ ഒരുങ്ങുമ്പോഴാണ് പെട്ടെന്ന് ബോധം നഷ്ടമായി വീണത്. അതേ ബസ്സിൽ ഉണ്ടായിരുന്ന കനകപ്പള്ളി സ്വദേശിയായ ദേവസ്യ വർക്കി എന്ന പാസ്റ്റർ ആണ് സമയോചിതമായി യുവതിയെ ഓട്ടോറിക്ഷ വിളിച്ച് ഹോസ്പിറ്റലിൽ എത്തിച്ചത്. തന്റെ ബന്ധുവിനെ കൊണ്ട് മംഗലാപുരം ഹോസ്പിറ്റലിൽ പോകുകയായിരുന്നു പാസ്റ്റർ. തനിക്ക് പോകേണ്ടുന്ന ട്രെയിനിൽ കയറുവാൻ സമയത്ത് എത്തുകയില്ല എന്ന് ഉറപ്പായിട്ടും മറ്റെല്ലാ യാത്രക്കാരും, ബസ് ജീവനക്കാരും അവരവരുടെ തിരക്കുകൾ നിമിത്തം യുവതിയെ പരിചരിക്കുവാൻ വിസമ്മതം കാട്ടിയപ്പോൾ പാസ്റ്ററുടെ ഈ പ്രവർത്തി യുവതിയുടെ ജീവൻ തിരികെ ലഭിക്കുന്നതിന് കാരണമായി. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് ബോധം തിരികെ വന്നതിനു ശേഷം വീട്ടുകാരെ വിളിച്ചുവരുത്തി അവരെ ഏൽപ്പിച്ചതിനുശേഷമാണ് പാസ്റ്റർ ബന്ധുവുമായി മംഗലാപുരത്തേക്ക് പോയത്. സുവിശേഷ പ്രവർത്തനത്തോടൊപ്പം ഒട്ടനവധി സാമൂഹിക സേവനങ്ങളിൽ പങ്കാളിയാണ് കഴിഞ്ഞ 25ലധികം വർഷമായി കനകപ്പള്ളി കേന്ദ്രമാക്കി സുവിശേഷ പ്രവർത്തനം നടത്തുന്ന പാപ്പച്ചൻ എന്ന് വിളിക്കുന്ന പാസ്റ്റർ ദേവസ്യ വർക്കി.
No comments