Breaking News

കൈയേറ്റം പരിശോധിക്കാനെത്തിയ സംഘത്തെ കര്‍ണാടക വനംവകുപ്പ് തടഞ്ഞു; സര്‍വ്വേ തുടരാന്‍ അനുവദിച്ചില്ല



കേരളത്തിന്റെ അതിര്‍ത്തിയില്‍ കര്‍ണാടക നടത്തിയ കൈയേറ്റം പരിശോധിക്കാനെത്തിയ സംഘത്തെ കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞത് വാക്‌പോരിനിടയാക്കി.


പുളിങ്ങോം അംശം ദേശത്ത് റിസാ 124/1 ല്‍ കര്‍ണാടകയുടെ അതിര്‍ത്തി കൈയേറ്റം പരിശോധിക്കാനെത്തിയ സംസ്ഥാന സര്‍ക്കാര്‍ ' സര്‍വ്വേ ടീമിനെയാണ് കര്‍ണ്ണാടക ഫോറസ്റ്റ് അധികൃതര്‍ തടഞ്ഞത്.


കര്‍ണ്ണാടക അതിര്‍ത്തിയില്‍ കൈയേറ്റമുണ്ടെന്ന പരാതി അന്വേഷിക്കാനെത്തിയ കണ്ണൂര്‍ ജില്ല സര്‍വ്വേ ഡപ്യൂട്ടി ഡയരക്ടര്‍ സ്വപ്ന മേലുക്കടവന്‍, ശ്രീകണ്ഠാപുരം റീ സര്‍വ്വേ ഓഫീസ് സൂപ്രണ്ട് ബാലകൃഷ്ണന്‍, പയ്യന്നൂര്‍ താലൂക്ക് സര്‍വ്വേയര്‍. രമേശന്‍ എ ,പുളിങ്ങോം വില്ലേജ് ഓഫീസര്‍ ബെന്നി കുര്യാക്കോസ് എന്നിവര്‍ അടങ്ങുന്ന ടീമാണ് പരിശോധനക്കെത്തിയത്. മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ലെന്ന കാരണം പറഞ്ഞാണ് കര്‍ണ്ണാടക പരിശോധന തടഞ്ഞത്.


സംയുക്ത പരിശോധന ആവശ്യമെങ്കില്‍ അറിയിക്കാമെന്ന് പറഞ്ഞെങ്കിലും ഫോറസ്റ്റ് അധികൃതര്‍ സര്‍വ്വേ തുടരാന്‍ അനുവദിച്ചില്ല. കര്‍ണ്ണാടക അതിര്‍ത്തി കെട്ടിയത് കേരള സര്‍ക്കാറിനെ അറിയിക്കാതെയാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. 1937ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് പുഴയോട് ചേര്‍ന്ന 65 ഏക്കര്‍ ഭൂമി കേരള സര്‍ക്കാര്‍ കര്‍ണ്ണാടക ക്ക് വില്‍പ്പന നടത്തിയിരുന്നു. അവിടെ സ്ഥാപിച്ച അതിര്‍ത്തി കൈയേറിയതാണെന്ന് തെറ്റായി ധരിച്ചാണ് തദ്ദേശവാസികള്‍ പരാതി നല്‍കിയത്. പരിശോധക സംഘത്തില്‍ ചെയിന്‍ മാന്‍ ടി.പി രമേശന്‍, പുളിങ്ങോം വി.എഫ് എ ഷറഫുദ്ദീന്‍ എന്നിവര്‍ ഉണ്ടായിരുന്നു.


മുമ്ബ് സംസ്ഥാന അതിര്‍ത്തി മാറ്റിസ്ഥാപിക്കാന്‍ കര്‍ണാടക ഫോറസ്റ്റ് അധികൃതര്‍ നടത്തിയ ശ്രമം മുമ്ബ് പ്രദേശവാസികള്‍ തടഞ്ഞിരുന്നു .അതിര്‍ത്തി തര്‍ക്കം കാരണം വര്‍ഷങ്ങളായി അവിടെ താമസിച്ചു വരുന്ന ജനങ്ങള്‍ക്ക് പട്ടയം കിട്ടാത്ത അവസ്ഥയാണ്. നിലവിലുള്ള അതിര്‍ത്തിത്തര്‍ക്കം ഉടന്‍ പരിഹരിച്ചു കിട്ടണമെന്ന് വാര്‍ഡ് മെമ്ബര്‍ സിബി മൈലിക്കല്‍ആവശ്യപ്പെട്ടു.

No comments