Breaking News

വയനാട് കുറുക്കൻമൂലയിലെ കടുവയെ പിടികൂടാത്തതിൽ പ്രതിഷേധം; നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മിൽ കയ്യാങ്കളി


വയനാട്ടില്‍ ഭീതി പടര്‍ത്തി കാടിറങ്ങിയ കുറുക്കന്‍മൂലയിലെ കടുവ ജന വാസ കേന്ദ്രത്തില്‍ നിലയുറപ്പിച്ച സാഹചര്യത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുന്നു. വ്യാഴാഴ്ച രണ്ട് വളര്‍ത്തുമൃഗങ്ങളെ വകവരുത്തിയ പയമ്പള്ളി പുതിയടത്ത് ഇന്നലെ രാത്രിയും കടുവയെ കണ്ടതായി നാട്ടുകാര്‍. ഇതിന് പിന്നാലെ സ്ഥലത്ത് തെരച്ചിലിന് എത്തിയ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. കടുവയെ പിടികൂടാനുള്ള നടപടികള്‍ കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. 

 ഇന്നലെ രാത്രി കടുവയെ കണ്ട വിവരം അറിയിച്ചിട്ടും അധികൃതര്‍ എത്തിയില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വിവരം അറിയിച്ചിട്ടും ഒരുത്തനും വന്നിട്ടില്ല; ഞങ്ങളാണ് ഇറങ്ങിയത്. മുളക്കൊമ്പ് പോലുമില്ലാതെയാണ് ഉദ്യോഗസ്ഥര്‍ വന്നതെന്നും നാട്ടുകാര്‍' ആരോപിച്ചു. പിന്നാലെ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംഘര്‍ഷത്തിനിടെ നഗരസഭാ കൗണ്‍സിലറെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്. ഇതിനിടെ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നരേന്ദ്രനും നാട്ടുകാരും തമ്മിലായിരുന്നു കയ്യാങ്കളി. പ്രതിഷേധിച്ച നാട്ടുകാര്‍ പുതിയേയേടത്ത് റോഡ് ഉപരോധിക്കുകയും ചെയ്തു.കൗണ്‍സിലറേയും പ്രാദേശിവാസിയെയും തടഞ്ഞ ഫോറെസ്റ്റ് ഉദ്യോഗസ്ഥന്‍ മാപ്പ് പറയാതെ പ്രദേശം വിട്ട് പോകാന്‍ അനുവദിക്കില്ലന്നാണ് നാട്ടുകാരുടെ നിലപാട്. അതേസമയം, കൂറുക്കന്‍ മൂലയിലെ തെരച്ചില്‍ വ്യാപകമാക്കുകയാണ് വനം വകുപ്പ്. 180 വനം വകുപ്പ് ജീവനക്കാരും 30 പൊലീസുകാരും ഉള്‍പ്പെട്ട സംഘമാണ് തെരച്ചിലിന് എത്തുന്നത്. വനം വകുപ്പ് സംഘം മുപ്പത് പേരടങ്ങുന്ന ആറ് സംഘങ്ങള്‍ ആയി തിരിഞ്ഞാണ് തെരച്ചില്‍ നടത്തുന്നത്. വ്യാഴാഴ്ച രണ്ട് വളര്‍ത്തുമൃഗങ്ങളെ വകവരുത്തിയ പയമ്പള്ളി പുതിയടത്ത് ഇന്നലെ രാത്രിയും കടുവയെ കണ്ടെന്നാണ് നാട്ടുകാരുടെ പ്രതികരണം. എന്നാല്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാല്‍ കടുവയുടെ കാല്‍പ്പാടുകള്‍ വനംവകുപ്പ് സ്ഥിരീകരിച്ചു.

No comments