Breaking News

പുസ്തകവണ്ടി ഓടിത്തുടങ്ങി.. ഇനി പുസ്തകത്തിനായി അലയേണ്ട ഒരു ഫോൺകോളിൽ നിങ്ങളുടെ വീട്ടുപടിക്കലേക്ക്


വെള്ളരിക്കുണ്ട്: ഇഷ്ടപ്പെട്ട പുസ്തകങ്ങൾ സ്വന്തമാക്കാൻ  ഇനി ബുക്ക്സ്റ്റാളുകൾ കയറി ഇറങ്ങണ്ട. ഒരു ഫോൺകോളിൽ അല്ലെങ്കിൽ ഒരു മെസേജിൽ നിങ്ങൾ ആവശ്യപ്പെട്ട പുസ്തകങ്ങൾ ഉത്തരവാദിത്വത്തോടെ നിങ്ങളുടെ വീട്ടുപടിക്കൽ എത്തിക്കും. ഇടത്തോട് സ്വദേശി ജയേഷ് കൊടക്കലാണ് പുസ്തകവണ്ടി എന്ന ആശയവുമായി പുസ്തകപ്രേമികൾക്കിടയിലേക്ക് ഇറങ്ങുന്നത്. മലയോര പ്രദേശങ്ങളിൽ ഉള്ളവർക്ക് ഒരു പുസ്തകം വാങ്ങണമെങ്കിൽ കിലോമീറ്റർ അകലെയുള്ള കാഞ്ഞങ്ങാടോ കാസർകോടോ ഉള്ള ബുക്ക്സ്റ്റാളുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിൽ ഉള്ളത്. മാത്രമല്ല തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പലർക്കും ബുക്ക്സ്റ്റാളുകൾ കയറി ഇറങ്ങി സമയം ചിലവഴിക്കാൻ കഴിയാറുമില്ല, ഈ സാഹചര്യത്തിലാണ് ജയേഷ് തൻ്റെ പുസ്തകവണ്ടിയുമായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നത്. കാഞ്ഞങ്ങാട്ടെ ഒരു ഷോപ്പിംഗ് മാളിൻ്റെ മാനേജരായി ജോലി ചെയ്യുന്ന ജയേഷ് ഒരു വായനാപ്രിയൻ ആയതുകൊണ്ടുതന്നെ പുസ്തകവിൽപ്പന എന്നത് വെറുമൊരു കച്ചവടമായി മാത്രം കാണാറില്ല, മറിച്ച് തൻ്റെ ജോലിയുടെ ഇടവേളകളിൽ കിട്ടുന്ന സമയം മനസിന് ഇഷ്ടപ്പെട്ട സംതൃപ്തമായ ഒരു ജോലി ചെയ്യുക എന്നതു കൂടിയാണ് പുസ്തകവണ്ടി എന്ന ആശയത്തിന് പിന്നിൽ. ഏത് തരത്തിലുള്ള പുസ്തകങ്ങൾ ആവശ്യപ്പെട്ടാലും  പരമാവധി അവ സംഘടിപ്പിച്ച് ന്യായമായ വിലയ്ക്ക് എത്തിച്ച് നൽകുന്നു എന്നതാണ് പുസ്തകവണ്ടിയെ ജനകീയമാക്കുന്നത്. പുതിയ പുസ്തകങ്ങളെ വായനക്കാർക്ക് പരിചയപ്പെടുത്താനും, ചെറു വിവരണങ്ങൾ നൽകാനുമായി പുസ്തകവണ്ടിയുടെ പേരിൽ ഒരു ഫേസ്ബുക്ക് പേജും നിലവിലുണ്ട്. പുസ്തകവണ്ടിയെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ: 9074348676

No comments