സരയുവിൻ്റെ ചെടികളിൽ പൂക്കുന്നത് ഒരു കുടുംബത്തിൻ്റെ പ്രതീക്ഷകൾ.. ചെടികൾ വിറ്റ് വീടിൻ്റെ ലോണടയ്ക്കുകയാണ് ഈസ്റ്റ്എളേരി തവളക്കുണ്ടിലെ ഒമ്പതാം ക്ലാസുകാരി
ചിറ്റാരിക്കാൽ: ചെടികൾ നട്ടുവളർത്തി അവയിൽ നിന്നുള്ള വരുമാനം കൊണ്ട് കുടുംബത്തിൻ്റെ ചിലവുകൾ വഹിക്കുകയും വീടിൻ്റെ ലോൺ അടയ്ക്കുകയും ചെയ്യുകയാണ് ഈസ്റ്റ് എളേരി പഞ്ചായത്തിലെ ചിറ്റാരിക്കാൽ തവളക്കുണ്ട് സ്വദേശിയായ സരയു സന്തോഷ് എന്ന ഒൻപതാം ക്ലാസ് വിദ്യാർഥിനി. ലോക്ഡൗൺ കാലത്ത് 90ലധികം വ്യത്യസ്തങ്ങളായ പത്തുമണിപ്പൂക്കൾ വിരിയിച്ചെടുത്ത ഈ കൊച്ചുമിടുക്കി ഇപ്പോൾ 400ലധികം ഇനത്തിലുള്ള വൈവിധ്യങ്ങളായ ചെടികളാണ് തന്റെ വീട്ടുമുറ്റത്ത് വിൽപ്പനയ്ക്കായി ഒരുക്കിയിട്ടുള്ളത്.
ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂളിലെ 9-ാം ക്ലാസ് വിദ്യാർഥിനിയായ സരയു കഴിഞ്ഞ ലോക്ഡൗൺ കാലത്താണ് ഒരു കൗതുകമെന്ന നിലയിൽ പൂക്കൾ ശേഖരിക്കാൻ തുടങ്ങിയത്. ആദ്യം പത്തുമണിപ്പൂക്കളായിരുന്നു പരിപാലിച്ചത്. തെക്കൻ ജില്ലകളിൽ നിന്നാണു വിത്തുകളും തൈകളുമെല്ലാം എത്തിച്ചത്. നവമാധ്യമങ്ങളിൽ സരയുവിന്റെ ചെടികളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചതോടെ ഇതര ജില്ലകളിൽ നിന്നുൾപ്പെടെയുള്ളവർ ചെടികൾ വാങ്ങാനെത്തിത്തുടങ്ങി.
ഇതോടെ ഇവരുടെ കുടുംബത്തിന് ഇതു വരുമാനമാർഗമാവുകയായിരുന്നു. ഇപ്പോൾ കേരളത്തിന് അകത്തും പുറത്തുമായി ഒട്ടേറെ പേർ സരയുവിൻ്റെ ചെടികൾ ആവശ്യപ്പെടുന്നുണ്ട്.
തൊഴിൽ പ്രതിസന്ധി നേരിടുന്ന അച്ഛനെ സഹായിക്കാനും ഞങ്ങളുടെ പുതിയ വീടിൻ്റെ ലോൺ അടയ്ക്കാനും തൻ്റെ വരുമാനം കൊണ്ട് കഴിയുന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഈ ഒമ്പതാം ക്ലാസുകാരി പറയുന്നു.
ചെടികളുടെ പരിപാലനവും വളപ്രയോഗവും വിൽപ്പനയുമെല്ലാം സ്വന്തമായിത്തന്നെയാണ് സരയു പഠിച്ചെടുത്തത്. ഇപ്പോൾ 20 രൂപ മുതൽ 500 രൂപ വരെയുള്ള വ്യത്യസ്തമായ ചെടികൾ ശേഖരത്തിലുണ്ട്. വിദേശിയും സ്വദേശിയുമായ പൂക്കളും ഇവയിലുൾപ്പെടും. സരയൂവിന്റെ അധ്യാപരും പൂർണ പിന്തുണയുമായി ഇവർക്കൊപ്പമുണ്ട്. ഇതിനിടെ ധനകാര്യ സ്ഥാപനത്തിൽ നിന്നും ഇവരുടെ കുടുംബം 8 ലക്ഷം രൂപ വായ്പയെടുത്ത് സ്വന്തമായി വീട് നിർമ്മിച്ചിരുന്നു. വീടിൻ്റെ ലോൺ ഇനത്തിൽ
15000 രൂപയുടെ പ്രതിമാസ വായ്പാ ഗഡുവും കഴിഞ്ഞ 4 മാസമായി സരയു തന്നെയാണ് ചെടി വിൽപ്പനയിൽ നിന്നുള്ള വരുമാനത്തിലൂടെ അടച്ചുകൊണ്ടിരിക്കുന്നത്. പഠനരംഗത്തും കലാരംഗത്തും കഴിവു തെളിയിച്ച ഈ പെൺകുട്ടി തവളക്കുണ്ടിലെ കോളങ്ങട സന്തോഷിന്റേയും സിന്ധുവിന്റേയും മകളാണ്. സഹോദരൻ സത്യജിത്ത്.
മകളുടെ പരിശ്രമത്തിന് ഫലം ലഭിച്ചതിൽ താൻ ഏറെ അഭിമാനിക്കുന്നതായി സന്തോഷ് പറഞ്ഞു.
പഠനത്തിൻ്റെ ഇടവേളകളിൽ ചെടിയുടെ ശേഖരം ഇനിയും വിപുലപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഈ കൊച്ചു മിടുക്കി.
🖋️ചന്ദ്രു വെള്ളരിക്കുണ്ട്
No comments