ചൈനയുടെ മുതുമുത്തശ്ശി അലിമിഹാൻ സെയ്തി അന്തരിച്ചു; വിയോഗം 135ാം വയസിൽ
ചൈനയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ അലിമിഹാൻ സെയ്തി അന്തരിച്ചു. 135ാം വയസ്സിലാണ് വിയോഗം. ചെെനയിലെ സ്വയം ഭരണ പ്രദേശമായ സിൻജിയാങില്‍ ഉയ്ഗൂരില്‍വെച്ചായിരുന്നു അലിമിഹാൻ സെയ്തിയുടെ അന്ത്യം. പ്രാദേശിക ഔദ്യോഗിക രേഖകള്‍ പ്രകാരം 1886 ജൂൺ 25 ന് കാഷ്ഗർ ഷൂലെയിലെ കോമുക്സെറിക് ടൗൺഷിപ്പിലാണ് സെയ്തിയുടെ ജനനം. 2013-ല്‍ ചൈന അസോസിയേഷൻ ഓഫ് ജെറന്റോളജി ആൻഡ് ജെറിയാട്രിക്സ് (വാര്‍ദ്ധക്യ പഠനം) പുറത്തിറക്കിയ റിപ്പോർട്ടുപ്രകാരം രാജ്യത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തികളുടെ പട്ടികയിൽ ഒന്നാം സ്ഥാനം സെയ്തിയായിരുന്നു.
കൃത്യസമയത്ത് ഭക്ഷണം എന്നു തുടങ്ങി ലളിതവും ചിട്ടയായതുമായ ജീവിതചര്യയായിരുന്നു സെയ്തിയുടേത്. വീട്ടു മുറ്റത്ത് വെയില്‍ കൊള്ളുകയുയായിരുന്നു പ്രധാന നേരംപോക്ക്. ചില സമയങ്ങളിൽ കൊച്ചുമക്കളെ പരിപാലിക്കുന്നതിലും സെയ്തിയുടെ സഹായം കുടുംബാംഗങ്ങള്‍ക്ക് ലഭിച്ചു. 90 വയസ്സിനു മുകളിൽ പ്രായമുള്ള അനേകം വൃദ്ധരുള്ള കോമുക്സെറിക് "ദീർഘായുസ്സ് ഉള്ള നഗരം" എന്നാണ് അറിയപ്പെടുന്നത്. ശക്തമായ ആരോഗ്യ പരിപാലന സംവിധാനങ്ങളാണ് ഈ ദീർഘായുസിന് കാരണമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. 60 വയസ്സിനു മുകളിലുള്ള വയോജനങ്ങൾക്കായി കരാർ അടിസ്ഥാനത്തില്‍ പ്രതിമാസം ഡോക്ടർമാരുടെ സേവനവും സൗജന്യ ഹെല്‍ത്ത് ചെക്കപ്പുകളും സാമ്പത്തിക സഹായങ്ങളും പ്രാദേശിക സർക്കാർ നൽകി വരുന്നുണ്ട്.
No comments