Breaking News

തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ഇന്ന് ക്രിസ്മസ്; ലോകമെങ്ങും ആഘോഷം


തിരുവനന്തപുരം: തിരുപ്പിറവിയുടെ സന്ദേശം ഉൾക്കൊണ്ട് ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ക്രൈസ്തവ വിശ്വാസികള്‍ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിരുപ്പിറവിച്ചടങ്ങുകള്‍ ആചരിക്കുന്നത്. കേരളത്തിലും വിവിധ ദേവാലയങ്ങളില്‍ പാതിരാക്കുര്‍ബാനയ്ക്ക് നിയന്ത്രണങ്ങളോടെ വിശ്വാസികളെത്തി.


കാക്കനാട് മൗണ്ട് സെന്റ് തോമസ് പള്ളിയിൽ നടന്ന ക്രിസ്തുമസ് പാതിരാ കുർബാനയ്ക്ക് സിറോ മലബാർ സഭ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമ്മികത്വം വഹിച്ചു. കരിങ്ങാച്ചിറ ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിൽ നടന്ന ജനനപ്പെരുന്നാൾ ശുശ്രൂഷകൾക്ക് യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു.


എറണാകുളം സെൻറ് ഫ്രാൻസിസ് അസ്സീസി ദേവാലയത്തിൽ, വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ ജോസഫ് കളത്തിപ്പറമ്പിലിവന്റെ മുഖ്യ കാർമ്മികത്വത്തിൽ തിരുപ്പിറവി ദിവ്യബലി നടത്തി. തിരുവനന്തപുരം സെന്റ്. മേരീസ് കത്തീഡ്രലിൽ നടന്ന ക്രിസ്മസ് ശുശ്രൂഷകൾക്ക് കർദിനാൾ മാർ ക്ലിമിസ് കാതോലിക്ക ബാവ നേത്യത്വം നൽകി. വിദ്വേഷം നിറഞ്ഞ മനസുകൾക്ക് ലോകത്ത് സമാധാനം ഉണ്ടാക്കാൻ കഴിയില്ലെന്നും സമാധാനത്തിനായി വിദ്വേഷം വെടിയണമെന്നും പറഞ്ഞ അദ്ദേഹം കോവിസ് പ്രതിസന്ധികളിൽ നിന്നും കരകയറാൻ സർവ്വനാഥൻ അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിച്ചു.


കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ ക്രിസ്തുമസ് ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. പാളയം സെന്റ് ജോസഫ് പള്ളിയിൽ ക്രിസ്തുമസ് ശുശ്രൂഷകൾക്ക് ആർച്ച് ബിഷപ്പ് ഡോ സൂസപാക്യം നേതൃത്വം നൽകി. ക്രിസ്മസ് ആഘോഷം മാത്രമാണോ അല്ല, ജീവിത നവീകരണത്തിനുള്ള സമയമാണോയെന്ന് ഓരോരൂത്തരം പരിശോധിക്കണമെന്ന് സൂസപാക്യം പറഞ്ഞു.  


മണ്ണിലും മനസിലും വിശ്വാസത്തിന്‍റെ നക്ഷത്ര വെളിച്ചം നിറച്ചാണ് ക്രൈസ്തവര്‍ ക്രിസ്മസ് രാവിനെ വരവേറ്റത്. തിരുപ്പിറവി ശുശ്രൂഷകള്‍ക്കായി ആയിരക്കണക്കിന് വിശ്വാസികള്‍ വിവിധ ദേവാലയങ്ങളില്‍ ഒത്തുചേര്‍ന്നു. ബെത്ലഹേമിലെ കാലിത്തൊഴുത്തില്‍ കരുണയുടെയും ശാന്തിയുടെയും ദൂതുമായി യേശു പിറന്നതിന്റെ ഓര്‍മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ക്രിസ്മസ്. അലങ്കാര വിളക്കുകളും പുല്‍ക്കൂടുകളും ക്രിസ്തുമസ് ഗീതങ്ങളും പുണ്യരാവിന് വര്‍ണശോഭ നല്‍കി. ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാന അടക്കമുള്ള പ്രാര്‍ത്ഥനാ ശുശ്രൂക്ഷകള്‍ നടന്നു.

No comments