Breaking News

ഭൂരഹിതരായ പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതി ഊര്‍ജ്ജിതപ്പെടുത്തും; ജില്ലാ കളക്ടര്‍


കാസർകോട്: ഭൂരഹിതരായ പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതി ഊര്‍ജ്ജിതപ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിയമപരമായി ഭൂമി ലഭിക്കാന്‍ അര്‍ഹതയുള്ള മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ഭൂമി ലഭിക്കാന്‍ അര്‍ഹതയുള്ള ആദിവാസികളോ ലാന്റ് ബാങ്കില്‍ ഭൂമി വിട്ടു നല്‍കാന്‍ താല്‍പര്യമുള്ള ഭൂവുടമകളോ മറ്റേതെങ്കിലും വ്യക്തികളെയോ സംഘടനകളെയോ ബന്ധപ്പെടേണ്ടതില്ലെന്നും പട്ടികവർഗ്ഗ വികസനഓഫീസര്‍ക്കാണ് ചുമതലയെന്നും കളക്ടര്‍ പറഞ്ഞു. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകളും മറ്റ് വിവരങ്ങളും സബ്കളക്ടര്‍ പരിശോധിച്ച് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കും. ജില്ലാതല പർച്ചേസ് കമ്മിറ്റിയുടെ യോഗം ജനുവരി മൂന്നിന് വൈകിട്ട്3ന് വീഡിയോ കോൺഫ്രൻസിൽ ചേരുമെന്നും കലക്ടർ പറഞ്ഞു. നിലവിലുള്ള സർക്കാർ നിയമങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ഭൂമി വിതരണം കാര്യക്ഷമമാക്കുമെന്നും കലക്ടർ അറിയിച്ചു. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന അവലോകന യോഗത്തില്‍ സബ്കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, പരപ്പ പട്ടികവർഗ്ഗ വികസന ഓഫീസര്‍  ഹെറാള്‍ഡ് ജോണ്‍, കാസറഗോഡ് എ.ടി.ഡി.ഒ മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

No comments