'ലേലം റദ്ദാക്കാൻ ദേവസ്വം ബോർഡിന് കഴിയില്ല, നിയമ നടപടി സ്വീകരിക്കും'; ഥാർ തനിക്ക് തന്നെ വേണമെന്ന് അമൽ മുഹമ്മദ് അലി
ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വഴിപാടായി ലഭിച്ച ഥാർ ലേലത്തിൽ വാങ്ങിയത് റദ്ദാക്കാൻ ദേവസ്വം ബോർഡിന് കഴിയില്ലെന്ന് ലേലം പിടിച്ച അമൽ മുഹമ്മദ് അലി. നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് ലേലം വിളിച്ചത്. പറഞ്ഞ തുകയേക്കാൾ കൂടുതൽ തുകയ്ക്കാണ് ലേലം വിളിച്ചത്. ലേലം റദ്ദാക്കിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നും അമല്‍ മുഹമ്മദലി പറഞ്ഞു. എന്തുകൊണ്ടാണ് അവര്‍ തരാനുദ്ദേശിക്കാത്തത് അങ്ങനെയെങ്കില്‍ ലേലം വെക്കരുതായിരുന്നല്ലോ, അമൽ മുഹമ്മദ് അലി പറഞ്ഞു. 15 ലക്ഷം രൂപ അടിസ്ഥാന വിലയാക്കി നിശ്ചയിച്ച് ഇന്നലെ വൈകീട്ട് 3 മണിക്ക് നടന്ന ഥാർ ലേലത്തിൽ ഒരാൾ മാത്രമാണ് പങ്കെടുത്തത്. 15 ലക്ഷത്തി പതിനായിരം രൂപക്ക് എറണാകുളം പോണേക്കര സ്വദേശി അമൽ മുഹമ്മദ് അലിയാണ് ലേലം ഉറപ്പിച്ചത്. പിന്നീടാണ് സംഭവം വിവാദത്തിൽ ആയത്.
താൽക്കാലികമായി മാത്രമേ ലേലം ഉറപ്പിചിട്ടുള്ളു വെന്നും ഭരണ സമിതി അംഗീകാരം ലഭിച്ചാൽ മാത്രമേ വാഹനം കൈമാറാനാകൂ എന്നും ഗുരുവായൂർ ദേവസ്വം ചെയർമാൻ കെബി മോഹൻ ദാസ് പറഞ്ഞു. 21 ലക്ഷം വരെ ലേലം വിളിക്കാൻ തയ്യാറായി വന്നയാൾക്ക് 15ലക്ഷത്തി പതിനായിരം രൂപക്ക് ലേലം ഉറപ്പിച്ചത് ശരിയെല്ലന്ന് കെ.ബി മോഹൻദാസ് പറഞ്ഞു. ഭരണ സമിതി യോഗം ചേർന്ന ശേഷം മാത്രമേ ലേലം അംഗീകരിക്കൂ. അന്തിമ അംഗീകാരം നൽകുമോ എന്ന കാര്യം ഇപ്പോൾ പറയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
No comments