Breaking News

'ഒരു കനേഡിയൻ ഡയറി' സൂപ്പർ ഹിറ്റിലേക്ക്.. അഭിമാനത്തോടെ കാഞ്ഞങ്ങാടുകാർ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചത് വെള്ളിക്കോത്തെ സീമ ശ്രീകുമാർ


കാഞ്ഞങ്ങാട് : മലയാള സിനിമയുടെ ചരിത്രത്തില്‍ വടക്കുനിന്നും ആദ്യമായി ഒരു വനിതാ സംവിധായിക.

വെള്ളിക്കോത്ത് സ്വദേശി  ശിവകുമാറിന്റെയും പുറവങ്കര രാധ ശിവകുമാറിന്റെയും മകള്‍  സീമ  ശ്രീകുമാറാണ് 'ഒരു കനേഡിയന്‍ ഡയറി ' എന്ന സിനിമയുടെ കഥയും  സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

മലയാള സിനിമയുടെ ചരിത്രത്തില്‍ മലബാറില്‍നിന്നും ആദ്യമായിട്ടാണ് ഒരു വനിത സംവിധായിക എത്തുന്നത്. മലബാറിലെ ചരിത്രം തിരുത്താന്‍ സീമ ശ്രീകുമാര്‍ എത്തുമ്പോള്‍ കേരളത്തിലെ  വനിത സംവിധായകരായ അഞ്ജലി മേനോനെയും , നീതു മോഹന്‍ദാസ് ,വിധു വിന്‍സെന്റ് എന്നിവരുടെ  ചരിത്രത്തോടൊപ്പം  നാലാമതായി സീമ ശ്രീകുമാറിന്റെയു പേര് എഴുതിച്ചേര്‍ക്കുകയാണ് .

കാനഡയില്‍ ഏറെ വര്‍ഷക്കാലമായി മലയാള മയൂരം ടിവി ചാനലില്‍ അവതാരകയായി ജോലി ചെയ്യുന്ന സീമയും ഭര്‍ത്താവ് എം.വി ശ്രീകുമാറിന്റെയും ഏറ്റവും വലിയ സ്വപ്നമാണ് 'കനേഡിയന്‍ ഡയറി ' തിയേറ്റർ ഹിറ്റായതോടെ പൂവണിയുന്നത്.

കാനഡയില്‍ നിന്ന് ഫിലിം ഡയറക്ടര്‍ കോഴ്‌സ് സീമ പൂര്‍ത്തീകരിച്ചപ്പോള്‍ ഭര്‍ത്താവ് ശ്രീകുമാര്‍  സിനിമാറ്റോഗ്രാഫിയും പൂര്‍ത്തീകരിച്ചു. മലയാളത്തില്‍ ആദ്യമായിട്ടാണ് ഒരു വനിത 'സൈക്കോ ത്രില്ലര്‍ ' സിനിമ  സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകതയും കനേഡിയന്‍ ഡയറിക്കുണ്ട്.

  സിനിമയ്ക്ക് കാഞ്ഞങ്ങാട്ടുമായി ഒരുപാട്  ബന്ധമുണ്ട്. സംവിധായികയെ കൂടാതെ ചിത്രികരണം കാനഡയില്‍  80 ശതമാനം  പൂര്‍ത്തീകരിച്ചപ്പോള്‍ ബാക്കിയുള്ള ഭാഗങ്ങള്‍  കാഞ്ഞങ്ങാടും പരിസരപ്രദേശങ്ങളിലുമാണ് ചിത്രീകരിച്ചത് .നെഹ്‌റു കോളേജും വെള്ളിക്കോത്തും മഡിയനുമെല്ലാം കാനഡയുടെ ലൊക്കേഷനോടൊപ്പം  ചിത്രത്തിലുണ്ട്. കാഞ്ഞങ്ങാട്ടുള്ള  ഏതാനും പുതുമുഖങ്ങളും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

സിനിമയ്ക്ക് സീമ തന്നെ കഥയും, തിരക്കഥയും, സംഭാഷണവും , സംവിധാനവും നിര്‍വഹിച്ചപ്പോള്‍ ഭര്‍ത്താവ് ശ്രീകുമാറാണ് നിര്‍മ്മാണവും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്.

പോള്‍ പൗലോസ്, ജോര്‍ജ് ആന്റണി, സിമാന്‍, പുജ സെബാസ്റ്റ്യന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍

ശ്രീം പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം  തിയേറ്ററുകളിലെത്തിയത്. ശിവകുമാര്‍ വരിക്കര,

ശ്രീതി സുജയ് എന്നിവരുടെ വരികള്‍ക്കു കെ.എ.ലത്തീഫ് സംഗീതം പകരുന്നു.

ഉണ്ണി മേനോന്‍, മധു ബാലകൃഷ്ണന്‍, വെങ്കി അയ്യര്‍, കിരണ്‍ കൃഷ്ണ, രാഹുല്‍ കൃഷ്ണന്‍,മീരാ കൃഷ്ണന്‍ എന്നിവരാണ് ഗായകര്‍. എഡിറ്റര്‍: വിപിന്‍ രവി എ.ആര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കൃഷ്ണകുമാര്‍ പുറവങ്കരയാണ്. മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ  ചെറുമകള്‍ കൂടിയാണ് സീമ

No comments