കണ്ണൂർ : വെട്ടിക്കളയുന്ന തലമുടിക്കും പൊന്നിൻ വിലയുണ്ടാവുന്ന കാലം വരുന്നു. ജൈവവളമായി ഉപയോഗിക്കാവുന്ന അമിനോ ആസിഡ്, മുടിയിൽ നിന്ന് ഉണ്ടാക്കുന്ന പ്ലാന്റ് അടുത്ത വർഷം പ്രവർത്തനം തുടങ്ങും. കണ്ണൂർ നാടുകാണിയിലെ 'വിരാട്' എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയാണ് എട്ട് കോടി ചെലവിൽ പ്ലാന്റ് നിർമ്മിക്കുന്നത്. ആദ്യഘട്ടത്തിന്റെ മെഷീൻ വാങ്ങാൻ 37 ലക്ഷം രൂപ ഓസ്ട്രേലിയൻ കമ്പനിക്ക് കൈമാറി. സംസ്ഥാനത്ത് ആദ്യത്തെയും രാജ്യത്തെ രണ്ടാമത്തെയും സംരംഭമാണിത്. പൂനെയിലെ പ്ലാന്റിൽ വർഷം 200 കോടിയുടെ അമിനോ ആസിഡ് വില്പനയാണ് നടക്കുന്നത്. ഹരിത കേരള മിഷനും ശുചിത്വ മിഷനും ചേർന്നാണ് പദ്ധതിയുടെ ഏകോപനം. ബാബർ ഷോപ്പുകളിലെയും ബ്യൂട്ടി പാർലറുകളിലെയും മുടി ജില്ലാടിസ്ഥാനത്തിൽ ശേഖരിച്ച് ഇവിടെ എത്തിച്ച് സംസ്‌കരിക്കും.
ബാർബർഷോപ്പുകൾക്കും ബ്യൂട്ടീഷൻ കേന്ദ്രങ്ങൾക്കും ലൈസൻസ് നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി നിർബന്ധമാക്കും. കണ്ണൂരിലെ പ്ലാന്റിലേക്ക് മുടി നൽകുന്നുവെന്ന സാക്ഷ്യപത്രം ഹാജരാക്കണം. മുടി ശേഖരിക്കാൻ ജി.പി.എസ് നിരീക്ഷണമുള്ള വണ്ടി സജ്ജീകരിക്കും. മുടി നൽകാൻ യൂസർ ഫീസും നിശ്ചയിക്കും.
No comments