'കോട്ടഞ്ചേരി പാമത്തട്ട് ഖനനത്തിനുള്ള പാരിസ്ഥിതികാനുമതി റദ്ദു ചെയ്യണം': കൊന്നക്കാട് ചൈത്രവാഹിനി ഫാർമേഴ്സ് ക്ലബ്ബ്
വെള്ളരിക്കുണ്ട്: കോട്ടൻച്ചേരി വനമേഖലയോട് ചേർന്ന് പാമത്തട്ടിൽ ക്വാറി തുടങ്ങുന്നതിന് നാലു വർഷം മുമ്പു് നൽകിയ പാരിസ്ഥിതികാനുമതി റദ്ദുചെയ്യണമെന്ന് കൊന്നക്കാട് ചൈത്രവാഹിനി ഫാർമേഴ്സ് ക്ളബ്ബ് എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. ദുരന്തനിവാരണ അതോറിട്ടി അധികാരികൾ അപകട മേഖലയായി പ്രഖ്യാപിച്ച പ്രദേശത്ത് ഖനനം നടത്തുന്നത് ദുരന്ത സാധ്യത വർദ്ധിപ്പിക്കുമെന്നുറപ്പായ സാഹചര്യത്തിൽ മുമ്പു് നൽകിയ പാരിസ്ഥിതികാനുമതി ജനങ്ങൾ ആവശ്യപ്പെടാതെ തന്നെ അധികൃതർ റദ്ദു ചെയ്യേണ്ടതാണ്. എന്നാൽ സമരങ്ങളും നിയമപോരാട്ടങ്ങളും തുടരുന്നതിനിടയിലും പരിസ്ഥിതികാനുമതിയുമായി ബന്ധപ്പെട്ട സംസ്ഥാന തല സംവിധാനം ഇക്കാര്യത്തിൽ നിസ്സംഗത തുടരുന്നതിൽ പ്രതിഷേധമുണ്ടു്. ജനങ്ങളുടെ ജീവനും കാർഷിക വിളകൾ ഉൾപ്പെടെയുളള സ്വന്തു വകകൾക്കും നാശമുണ്ടാക്കാൻ വഴിവെയ്ക്കുന്ന നിഷ്ക്രിയത്വം സംസ്ഥാന തലത്തിലുള്ള അധികൃതരുടെ ഭാഗത്തു നിന്നുണ്ടാവുന്നത് ഇനിയും തുടരരുത് എന്ന് യോഗമാവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടം യാഥാർത്ഥ്യബോധത്തോടെയുളള നിലപാടെടുക്കുന്നതിൽ യോഗം സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.പ്രസിഡൻ്റ് പി.കെ.ജോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജിനോ പഴയാറ്റ്, കെ.ആർ.ജയകുമാർ, വി.എ.സെബാസ്റ്റ്യൻ, ഇ. കെ.ഷിനോജ് തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.
No comments