250 ഓളം നായ്ക്കുട്ടികളെ കൊന്ന് പ്രതികാരം; രണ്ട് കുരങ്ങന്മാർ പിടിയിൽ
മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിൽ നായ്കുട്ടികളെ കുരങ്ങന്മാർ കൂട്ടത്തോടെ കൊന്നൊടുക്കിയ സംഭവത്തിൽ രണ്ട് കുരങ്ങന്മാരെ പിടികൂടി. നാഗ്പൂർ വനം വകുപ്പ് സംഘമാണ് ബീഡ് മേഖലയില്‍ കുരങ്ങന്മാരെ പിടികൂടിയത്. ബീഡ് ഫോറസ്റ്റ് ഓഫീസർ സച്ചിൻ കാണ്ഡ് ഇക്കാര്യം എഎൻഐയോട് സ്ഥിരീകിരിച്ചു. കുരങ്ങുകളെ നാഗ്പൂരിലെ അടുത്തുള്ള വനത്തിലേക്ക് മോചിപ്പിക്കുമെന്നാണ് റിപ്പോർട്ട്. കുട്ടിക്കുരങ്ങനെ നായ്ക്കള്‍ കടിച്ചുകൊന്നതിന് പിന്നാലെ കഴിഞ്ഞ ഒരു മാസത്തിനിടെ വാനരക്കൂട്ടം വകവരുത്തിയത് 250ല്‍ അധികം നായ്ക്കുട്ടികളെയാണ് എന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ മാജ്‌ലഗാവില്‍ നിന്നുള്ള കുരങ്ങന്മാരുടെ ക്രൂരപ്രതികാരത്തിന്റെ റിപ്പോര്‍ട്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്തയാക്കിയിരുന്നു
നായ്ക്കുട്ടികളെ തട്ടിയെടുത്ത് കെട്ടിടത്തിന്റെയോ പാറക്കെട്ടുകളുടെയോ മുകളില്‍ എത്തിച്ച ശേഷം താഴേക്ക് എറിഞ്ഞു കൊല്ലുകയായിരുന്നു കുരങ്ങന്‍മാരുടെ രീതി. ഇതിനിടെ ഗ്രാമത്തിലെ നായ്ക്കുട്ടികളെ രക്ഷിക്കാന്‍ ഗ്രാമവാസികള്‍ ഇടപെടുന്ന നിലയുണ്ടായി. എന്നാല്‍ ഇത്തരത്തില്‍ ഇടപെടുന്നവരെയും കുരങ്ങുകള്‍ ആക്രമിക്കുന്ന നിലയുണ്ടായികുന്നു. നായ്ക്കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ചിലര്‍ക്ക് കെട്ടിടങ്ങളില്‍ നിന്ന് വീണുള്‍പ്പെടെ പരിക്കേല്‍ക്കുന്ന നിലയുമുണ്ടായി. ഇതിനകം ഗ്രാമത്തിലെ മിക്കവാറും നായ്ക്കുട്ടികളെയും കുരങ്ങുകള്‍ കൊന്നൊടുക്കി കഴിഞ്ഞതായാണ് ഗ്രാമവാസികള്‍ പറയുന്നത്. കുരങ്ങുകളുടെ ആക്രമണം ചെറിയ കുട്ടികള്‍ക്ക് നേരെ തിരിയുന്ന നിലയുണ്ടായ സാഹചര്യത്തിലാണ് വനംവകുപ്പ് അടിയന്തര നടപടിയിലേക്ക് കടന്നത്.
No comments