Breaking News

ഒമിക്രോൺ: കേരളത്തിൽ അതീവ ജാഗ്രത, സമ്പർക്കത്തിലുള്ളവരുടെ പരിശോധനാഫലം രണ്ട് ദിവസത്തിനകം




സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്. രോഗബാധിതനായ എറണാകുളം സ്വദേശിയുടെ ആരോഗ്യനില തൃപ്തികരമാണ്. സമ്പര്‍ക്കത്തില്‍ വന്ന ബന്ധുക്കളുടെ പരിശോധനാഫലം രണ്ട് ദിവസത്തിനകം ലഭ്യമാകും. യുകെയില്‍ നിന്ന് അബൂദബി വഴി കൊച്ചിയിലെത്തിയ എറണാകുളം സ്വദേശിക്കാണ് ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇത്തിഹാദ് വിമാനത്തില്‍ ആറാം തിയ്യതിയാണ് യുവാവ് നെടുമ്പാശേരിയിലെത്തിയത്. ആദ്യ പരിശോധനയില്‍ കോവിഡ് നെഗറ്റീവായെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടതോടെ എട്ടാം തിയ്യതി നടത്തിയ പരിശോധനയില്‍ പോസിറ്റീവായി. തുടര്‍ന്നാണ് ഒമിക്രോണ്‍ ജനിതക ശ്രേണി പരിശോധന നടത്തിയത്. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഭാര്യയും അമ്മയും കോവിഡ് പോസിറ്റീവാണ്. ഇവരെ ഐസൊലേഷനിലേക്ക് മാറ്റി. ഇരുവരുടെയും സാംപിളുകള്‍ ജനിതക ശ്രേണി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

വിമാനത്തില്‍ ആകെ 149 പേരാണ് ഉണ്ടായിരുന്നത്. എല്ലാവരെയും വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കും. ഇതില്‍ 32 പേരെ ഹൈറിസ്ക് പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രോഗിക്ക് പ്രാദേശിക സമ്പര്‍ക്കം ഇല്ലാത്തതിനാല്‍ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഒമിക്രോണ്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

No comments